ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ കോളജ് വിദ്യാർഥിയായ ഹെൻറി നൊവാക്കിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനും സിഖ് മതവിശ്വാസിയുമായ വിക്രം സിങ് ദിഗ്വ (23) അതീവ സുരക്ഷാ ജയിലിൽ കടുത്ത ഭീതിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകക്കേസിൽ രാജ്യവ്യാപക ശ്രദ്ധ ലഭിക്കുകയും പിന്നീട് വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ മറ്റ് തടവുകാരുടെ ആക്രമണത്തിന് ഇരയാകുമോയെന്ന ആശങ്കയിലാണ് ഇയാളെന്നാണ് റിപ്പോർട്ട്. അപകടകാരികളായ കുറ്റവാളികൾ കഴിയുന്ന എച്ച്എംപി ഫ്രാങ്ക്‌ലൻഡ് ജയിലിന് മോൺസ്റ്റർ മാൻഷൻ എന്ന വിളിപ്പേരുമുണ്ട്.

2025 ഡിസംബറിൽ സൗത്താംപ്ടണിൽ നടന്ന സംഭവത്തിലാണ് 18 വയസ്സുകാരനായ ഹെൻറി നൊവാക്ക് കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജനായ ദിഗ്വ ഹെൻറിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം താൻ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് പൊലീസിനോട് തെറ്റായ ആരോപണം ഉന്നയിച്ചെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പിന്നീട് പുറത്തുവന്ന തെളിവുകളും കോടതിവിധിയും ഇയാളെ കുറ്റക്കാരനായി കണ്ടെത്തി. കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറഞ്ഞത് 21 വർഷമെങ്കിലും തടവിൽ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തു. കേസിൽ ഉപയോഗിച്ച ആയുധം ഒളിപ്പിക്കാൻ സഹായിച്ചതിന് ദിഗ്വയുടെ മാതാവ് കിരൺ കൗറിനും ശിക്ഷ ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ ബ്രിട്ടനിൽ വ്യാപക ചർച്ചകളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. പൊലീസ് നടപടി, വംശീയ ആരോപണങ്ങൾ, മതപരമായ ആചാരങ്ങളുടെ പേരിൽ കൈവശം വച്ചിരുന്ന ആയുധങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളും ദേശീയതലത്തിൽ വിവാദമായി. ഇതിനിടെ തന്റെ ശിക്ഷയ്ക്കും കുറ്റവിമുക്തതയ്ക്കുമായി ദിഗ്വ നിയമനടപടികൾ തുടരുകയാണ്. ജയിലിനുള്ളിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇയാളെ പ്രത്യേക നിരീക്ഷണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.











Leave a Reply