വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്.

ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

നവജാതശിശു ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. സ്ഥിതി വഷളായാല്‍ വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസ്മ മരിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികള്‍ക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്‌ലിയാരാണ് അസ്മയുടെ പിതാവ്. മാതാവ്: ശരീഫ.

മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനിടെയാണ് എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മ(35)് മരിച്ചത്. ഇവരുടെ അഞ്ചാം പ്രസവമാണിത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.

അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.