ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഫോണിൽ നഗ്നചിത്രം നോക്കി ട്രക്ക് ഓടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 43കാരനായ ഡ്രൈവർക്ക് യുകെ കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 മേയ് 17-നാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന 46കാരനായ ഡാനിയേൽ എയ്ട്ചിസൺ ആണ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചത്.
മേഴ്‌സിസൈഡിലെ ബൂട്ടിൽ സ്വദേശിയായ നെയിൽ പ്ലാറ്റ് യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയവയിൽ തിരഞ്ഞു നോക്കിയതായി കോടതിയിൽ സമ്മതിച്ചു. അപകടത്തിനു തൊട്ട് മുൻപ് എക്‌സ് ഫീഡിൽ പ്രത്യക്ഷപ്പെട്ട നഗ്നചിത്രത്തിലേയ്ക്ക് ശ്രദ്ധിച്ചിരിക്കെയാണ് ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . ഇടിയുടെ ആഘാതത്തിൽ കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
ഡ്രൈവർ റോഡിൽ ശ്രദ്ധിക്കേണ്ടതിന് പകരം സോഷ്യൽ മീഡിയയ്ക്കാണ് മുൻഗണന നൽകിയതെന്ന് വിധി ന്യായത്തിൽ ജഡ്ജി ഇയാൻ അൺസ്വർത്ത് വിമർശിച്ചു. അപകടം ഒഴിവാക്കാമായിരുന്നുവെന്നും, ചിന്തിക്കാനാകാത്തത്ര വിഡ്ഢിത്തം ചെയ്തതാണ് ജീവഹാനിയിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് ഡ്രൈവർ കോടതിയിൽ കുറ്റം സമ്മതം നടത്തിയിരുന്നു.
Leave a Reply