കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മസാജ്‌ സെന്ററില്‍ ഒളിക്യാമറ സ്‌ഥാപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
മോണ്‍സണിന്റെ പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയാണ്‌ വെളിപ്പെടുത്തല്‍ നടത്തിയത്‌. മസാജ്‌ സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ്‌ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്‌.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന്‌ ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്‌. നിരവധി സ്‌ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച്‌ മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ്‌ വിവരം.