ഡോ. ഷർമദ് ഖാൻ
രോഗലക്ഷണങ്ങളൊന്നും കൂടാതെ തന്നെ വർഷങ്ങളോളം നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ടുതന്നെ രോഗമുണ്ടെന്ന് മനസ്സിലാക്കുവാൻ വളരെ പെട്ടെന്ന് കഴിഞ്ഞുവെന്ന് വരില്ല. സൂക്ഷിച്ചില്ലെങ്കിൽ നിശബ്ദമായി മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണിത്. തലചുറ്റൽ, തലവേദന, ഉറക്കമില്ലായ്മ ,ബുർബലത,ശാരീരികവും മാനസികവുമായ ക്ഷീണം മുതലായ ലക്ഷണങ്ങളും ചിലരിൽ ക്രമേണ കണ്ടുവരുന്നു.
ശരിയായ ചികിത്സ ചെയ്യാതിരുന്നാൽ പക്ഷാഘാതം, ഹൃദയസ്തംഭനം, വൃക്കരോഗം,കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയുണ്ടാകുന്നു. സാധാരണ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് അഞ്ച് പ്രാവശ്യം പക്ഷാഘാതവും, രണ്ടുപ്രാവശ്യം ഹൃദയസ്തംഭനവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.
രക്തസമ്മർദ്ദം വിഭിന്ന വ്യക്തികളിലും, ഒരു വ്യക്തിയിൽ തന്നെ പല സമയത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മാനസികമായി പിരിമുറുക്കം ഉണ്ടാകുമ്പോഴും, തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഉറക്കമൊഴിയുന്ന അവസരത്തിലും ബി.പി വർദ്ധിച്ച് കാണുന്നു. ഉറങ്ങുന്ന സമയത്ത് താരതമ്യേന ബി.പി കുറവായിരിക്കും.
നോർമൽ ബ്ലഡ് പ്രഷർ ലെവൽ സിസ്റ്റോളിക് 120, ഡയസ്റ്റോളിക് 80 എന്നിങ്ങനെ ആണ്. പൊതുവേ പറഞ്ഞാൽ ബിപി കുറഞ്ഞിരിക്കുന്നതാണ് നല്ലത്. കുറഞ്ഞ ബി.പി ഉള്ളവർ കൂടുതൽ ബി.പി ഉള്ളവരേക്കാൾ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി120 /80 ഉള്ളവരെ അപേക്ഷിച്ച് 100/60 ഉള്ളവർ അധികനാൾ ജീവിച്ചിരിക്കുന്നതായി കാണുന്നു. ബി.പി കൂടുന്നതിനനുസരിച്ച് പക്ഷാഘാതത്തിനും ഹാർട്ട് അറ്റാക്കിനും ഉള്ള സാധ്യത വർധിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.
പ്രായമേറിയവരിൽ നോർമൽ ബിപി 140 /90 ആയിരിക്കും. 140 മുതൽ 160 വരെയുള്ള സിസ്റ്റോളിക് പ്രഷറും 90 മുതൽ 95 വരെയുള്ള ഡയസ്റ്റോളിക് പ്രഷറും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ബോർഡർലൈൻ ആയി കണക്കാക്കാം. സിസ്റ്റോളിക് പ്രഷർ 160 നും ഡയസ്റ്റോളിക് പ്രഷർ 95 നും മുകളിലാണെങ്കിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് മനസ്സിലാക്കുകയും മരുന്നുകൾ കഴിക്കുകയും വേണം.
ചെറിയൊരു മനോവികാരം പോലും കുറച്ചുസമയത്തേക്ക് സിസ്റ്റോളിക് പ്രഷറിനെ വർദ്ധിപ്പിച്ചു എന്നു വരാം. എന്നാൽ വളരെ പെട്ടെന്നൊന്നും ഡയസ്റ്റോളിക് പ്രഷറിന് വ്യത്യാസം സംഭവിക്കുന്നില്ല. അതുകൊണ്ട് ഉയർന്ന സിസ്റ്റോളിക് പ്രഷറിനെ അപേക്ഷിച്ച് ഉയർന്ന ഡയസ്റ്റോളിക് പ്രഷറിന് കൂടുതൽ പരിഗണന നൽകണം.
*എങ്ങനെയൊക്കെ നിയന്ത്രിക്കാം*
*സ്ഥൗല്യം അഥവാ വണ്ണ ക്കൂടുതൽ*
ഈ ഒരു കാരണം മാത്രം മതിയാകും ബിപി വർദ്ധിക്കുവാൻ. അതിനാൽ പൊണ്ണത്തടിയന്മാർ വളരെവേഗം തടി കുറയ്ക്കുക. അതിനുള്ള ശരിയായ മാർഗ്ഗം കൂടുതൽ വ്യായാമം ചെയ്യുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ആണ്. ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കിൽ
1) പ്രധാന ആഹാര സമയങ്ങൾക്കിടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കുക.
2) കുക്കിംഗ് ഓയിൽ, പഞ്ചസാര അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം, ബേക്കറി പലഹാരങ്ങൾ ഇവ ഒഴിവാക്കുക.
3) പഞ്ചസാര ചേർക്കാത്ത ധാന്യങ്ങൾ കഴിക്കുക
4)ഉണങ്ങിയവയെക്കാൾ വേകിച്ച ഭക്ഷണം ഉപയോഗിക്കുക
5) മദ്യം കഴിക്കരുത്
6) ഇറച്ചി, പാൽ,മുട്ട,ബട്ടർ ഇവ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടാനിടയുള്ള അമിത കൊഴുപ്പിനെ അകറ്റുവാൻ കഴിയും.
7)ഒരുദിവസത്തെ ഏറ്റവും പ്രധാന ആഹാരമായ പ്രഭാത ഭക്ഷണത്തെ ഒഴിവാക്കാതിരിക്കുക. പകരം അത്താഴത്തിന്റെ അളവ് കുറയ്ക്കാം.
8) ജലത്തിന്റേയും നാരിന്റേയും അളവ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുക.
പയറുവർഗങ്ങൾ, ക്യാരറ്റ്, ബീൻസ് മുതലായവ
9)ഇവയിലെല്ലാം നിങ്ങൾ പരാജിതനാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുക. പ്രമേഹരോഗം കൂടെയുള്ളവർ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപവസിക്കാൻ പാടുള്ളൂ.
*വ്യായാമം*
ബിപി കുറയ്ക്കുവാൻ വ്യായാമം വളരെ സഹായകമാണ്. തെരഞ്ഞെടുക്കുന്ന വ്യായാമം അതിന് അനുകൂലമായിരിക്കണമെന്ന് മാത്രം. കാരണം എല്ലാത്തരം വ്യായാമവും ബിപി കുറയ്ക്കുവാൻ കഴിവുള്ളവയല്ല. നടക്കുകയാണ് ഏറ്റവും നല്ല വ്യായാമം. ആദ്യം 20 മുതൽ 30 മിനിറ്റ് വരെയും ക്രമേണ ഈ സമയത്തിനുള്ളിൽതന്നെ വേഗതകൂട്ടി പിന്നിടുന്ന അകലം വർധിപ്പിക്കുകയും വേണം.
*സ്ട്രെസ്സും ടെൻഷനും*
ഇവ രണ്ടും ബിപി വർദ്ധിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള പല തരത്തിലുള്ള ശബ്ദം സ്ട്രെസ്സും ടെൻഷനും വർദ്ധിപ്പിക്കുന്നു. ടിവിയിലും മറ്റും കാണുന്ന പല പരിപാടികളും ബി.പി വർദ്ധിപ്പിക്കാനിടയുണ്ട്. ടെൻഷൻ വർദ്ധിപ്പിക്കാത്ത പരിപാടികൾ ആസ്വദിക്കുന്നതിനു മാത്രമായി ടി വി യും റേഡിയോയും ഉപയോഗിക്കുക. എപ്പോഴും എന്തെങ്കിലും (പലപ്പോഴും വേഗത്തിൽ) ചെയ്തുകൊണ്ടിരിക്കാതെ കുറച്ചുസമയം റിലാക്സ് ചെയ്യുവാൻ സമയം കണ്ടെത്തണം. ശവാസനം പോലുള്ള യോഗാസനങ്ങൾ ശീലിക്കുന്നത് കൊള്ളാം. ക്ഷമയോടെ പ്രശ്നങ്ങളെ നേരിട്ടാൽ ടെൻഷൻ കുറയുകയും അതിലൂടെ ബിപി കുറയ്ക്കുകയും ചെയ്യാം.
*ഉപ്പ്*
ബിപി കുറക്കുവാൻ വേണ്ടി ഉപേക്ഷിക്കേണ്ട അത്യാവശ്യ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സോഡിയം. ശരീരത്തിന് അധികമായും സോഡിയം ലഭിക്കുന്നത് ഉപ്പിൽ നിന്നാണ്. ഒരു അമേരിക്കൻ ഒരുദിവസം ശരാശരി മൂന്ന് ടീസ്പൂണിലധികം ഉപ്പ് ഉപയോഗിക്കുന്നു. ജപ്പാൻകാരൻ ആകട്ടെ 7 ടീസ്പൂണിലധികവും. എന്നാൽ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമായ ഉപ്പിന്റെ അളവ് ഒരു ടീസ്പൂണിന്റെ 1/8 ഭാഗം മാത്രമാണ്. ആവശ്യമായതിലും എത്രയോ അധികമാണ് യാതൊരു ബോധവുമില്ലാതെ നമ്മൾ ഉപയോഗിക്കുന്നത് എന്ന് ആലോചിച്ചു നോക്കുക. ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും പൂർണമായും ഒഴിവാക്കേണ്ടി വരും.
*ഡയറ്റ്*
സസ്യഭോജികളിൽ രക്താതിമർദ്ദം ഉള്ളവർ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ബിപി കുറക്കുവാൻ ആഹാരത്തിൽ നിന്നും മാംസ വർഗ്ഗങ്ങൾ പ്രത്യേകിച്ചും ബീഫ് കുറയ്ക്കുകയോ കഴിയുമെങ്കിൽ ഉപേക്ഷിക്കുകയോ ആണ് വേണ്ടത് .സസ്യഭുക്ക് ആയിട്ടുള്ള ഒരാളിന് രക്താതിമർദ്ദവും ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും തരണം ചെയ്യുവാൻ കഴിയും.
*പുകവലി*
ഉയർന്ന രക്തസമ്മർദ്ദമുള്ള നിങ്ങളൊരു പുകവലിക്കാരൻ കൂടിയാണെങ്കിൽ നിശ്ചയളായും ഈ ദുശ്ശീലം ഉപേക്ഷിക്കാതെ നിവൃത്തിയില്ല.
*ഈസ്ട്രൊജൻ* സാധാരണയായി ഗർഭനിരോധന ഗുളികകളിലും മറ്റും ഇത് ഉപയോഗിച്ചുവരുന്നു. ചില സ്ത്രീകളിൽ ബി.പി വർദ്ധിക്കുവാൻ ഇത് കാരണമാകുന്നു. ഇത്തരം ഗുളികകൾ കഴിച്ച ശേഷമാണ് ബിപി കൂടുതലായി കാണുന്നതെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
*ടൈറാമിൻ*
പാൽക്കട്ടി(ചീസ്)യിലാണ് സാധാരണയായി ടൈറാമിൻ കാണുന്നത്.അതിനാൽ ഇത് ഉപയോഗിക്കുന്നവരിൽ ബി.പി വർദ്ധിച്ചു കാണുന്നു.
*ചുരുക്കത്തിൽ* 1)നിങ്ങളുടെ ബി.പി തുടർച്ചയായി പരിശോധിക്കുക. കൂടുതലാണെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശം സൂക്ഷ്മതയോടെ അനുസരിക്കുക.
2) പതിവായി വ്യായാമം ചെയ്യുക.
3)പുകവലി,കോഫി,ചായ, മദ്യം ഇവ ഉപയോഗിക്കുന്ന ദുശീലങ്ങൾ മാറ്റി പകരം ആരോഗ്യകരമായ നല്ലതിനെ പുനസ്ഥാപിക്കുക.
4) നിങ്ങളുടെ ഭാരം കുറച്ച് നോർമൽ ആക്കുക.
5)സ്ട്രെസ്സ് ,ടെൻഷൻ ഇവയെ നിങ്ങളുടെ കൈക്കുള്ളിൽ പിടിച്ചു നിർത്തുക.
6)ഉപ്പ്, പഞ്ചസാര ,കൊഴുപ്പ് ഇവ അടങ്ങിയിട്ടില്ലാത്ത ആഹാരം കഴിക്കുക
ഉയർന്ന രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ പലരിലും ക്രമേണ കൂടുതലായ ക്ഷീണം, അമിതമായ ചിന്ത, പാദത്തിൽ നീര് വരിക, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക മുതലായ അവസ്ഥകളിൽ കൊണ്ടെത്തിക്കുന്നു. എന്നാൽ ആയുർവേദ ഔഷധം ഉപയോഗിച്ചുള്ള ചികിത്സയിൽ ഇവയൊക്കെ ഒഴിവാക്കുവാൻ കഴിയുന്നുണ്ട്. വെളുത്തുള്ളി, ചിറ്റരത്ത, സർപ്പഗന്ധ, ഞെരിഞ്ഞിൽ, കുറുന്തോട്ടിവേര്, മൂവില എന്നിവയുടെ വിവിധ പ്രയോഗങ്ങൾ രക്താതിമർദ്ദത്തെ കുറയ്ക്കുന്നതാണ്.
കൃത്യമായ ഔഷധങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിച്ചാൽ ഈ രോഗം കാരണമുണ്ടായേക്കാവുന്ന ദുരവസ്ഥകളിൾ നിന്നും രക്ഷ നേടാൻ കഴിയും എന്നതിന് സംശയമില്ല.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
Leave a Reply