ലോകമാകെ കോവിഡ്​ വ്യാപനം തടയാൻ സമ്പർക്കവിലക്കുപോലുള്ള മാർഗങ്ങൾ അവലംബിക്കു​േമ്പാൾ എൽസാൽവദോർ പോലുള്ള രാജ്യങ്ങൾ ജയിലുകളിൽ തടവുകാരെ ക്രൂരമായി മർദ്ദിക്കുന്നതി​​െൻറ റിപ്പോർട്ടുകളാണ്​ പുറത്തുവരുന്നത്​​. ലോകത്ത്​ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​​ എൽസാൽവദോർ.

ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രസിഡൻറ്​ നായിബ്​ ബുക്കലെ ശക്​തമായ നടപടികൾ പ്രഖ്യാപിച്ചതോടെ ജയിലുകളിലെയും സ്​ഥിതി കഷ്​ടമായി. കഴിഞ്ഞ ദിവസം ഇസാൽകോ ജയിലിൽ തടവുകാർ സംഘം ചേർന്നുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു​. തുടർന്ന്​ തടവുകാർക്കെതിരെ കടുത്ത ശിക്ഷനടപടികളാണ്​ പ്രഖ്യാപിച്ചത്​. തടവുകാരെ മുഴുവൻ ഒരുദിവസം കൂട്ടിയിട്ട്​ കെട്ടിയിട്ടു.  ഗ്യാങ്​ലീഡർമാരെ വെടിവെക്കാനും പൊലീസിന്​ നിർദേശം നൽകി.

തടവുകാർക്കെന്ത്​ സമ്പർക്കവിലക്ക്​
ചിലിയിലെ സാൻറിയാഗോയിലെ പൂ​​െൻറ അൾ​ട്ടോ ജയിലിൽ ഇതിനകം തന്നെ 300 ലേറെ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. തുടർന്ന്​ ജയിലിലെ 1100 തടവുകാർ ഭീതിയിലാണ്​. സമ്പർക്കവിലക്കൊന്നും തിങ്ങിനിറഞ്ഞ ജയിൽമുറികളിൽ പ്രായോഗികമല്ലെന്ന്​ പ്രിസൺ നഴ്​സ്​ സിമേന ഗ്രാൻറിഫോ പറയുന്നു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി 15 ലക്ഷം തടവുകാരാണുള്ളത്​. പലതിലും കൈകൾ കഴുകി വൃത്തിയാക്കാൻ സോപ്പും വെള്ളവും പോലും നൽകാൻ സാധിക്കുന്നില്ല. ഇവിടെ തടവുകാരും ജയിൽ ജീവനക്കാരുമടക്കം 1400 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചുകഴിഞ്ഞു.പെറുവിലെ  613 തടവുകാർ രോഗബാധിതരാണ്​. 13 പേർ മരിക്കുകയും ചെയ്​തു.

ഡൊമിനികൻ റിപ്പബ്ലിക്കിലെ ലാ വിക്​ടോറിയ ജയിലിൽ  5500 തടവുകാരിൽ പരിശോധന നടത്തി. അതിൽ 239 ​േപർ കോവിഡ്​ പോസിറ്റീവാണ്​.
പ്യൂർടോറികയിൽ 9000 തടവുകാരാണുള്ളത്​. കൊളംബിയയിൽ 23 തടവുകാർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി സ്​ഥിരീകരിച്ചു. ബ്രസീലിലെ ജയിലുകളിൽ നിന്ന്​ 1300 തടവുകാർ കോവിഡിനെ പേടിച്ച്​ രക്ഷപ്പെട്ടു.

അർജൻറീനയിൽ ആയിരത്തിലേറെ തടവുകാർ നിരാഹാരസമരത്തിലാണ്​. മഹാമാരിയിൽ നിന്നുള്ള സംരക്ഷണമാണ്​ എല്ലാവരുടെയും ആവശ്യം. കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതുമുതൽ കുടുംബാംഗങ്ങളാരും തടവുകാരെ കാണാൻ ചെല്ലാറില്ല. പലർക്കും ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു അത്​. കോവിഡാനന്തരം തടവുകാർക്ക്​ ഭക്ഷണം നൽകുന്ന കടകളിൽ സാധനങ്ങളുടെ വില കുതിച്ചുയർന്നു. അതോടെ ഭക്ഷണവും കിട്ടാക്കനിയായി മാറിയിരിക്കയാണ്​.

മെക്​സിക്കോ അടക്കമുള്ള രാജ്യങ്ങളിൽ സോപ്പ്​പൊടി പോലുള്ളവക്ക്​ ഇരട്ടിയിലേറെ തുകയാണ്​ ഇപ്പോൾ ഈടാക്കുന്നത്​. ഹെയ്​തി, ബൊളിവിയ, ഗ്വാട്ടമാല രാജ്യങ്ങളിലെ തടവുകാർ ഇതിലും മോശപ്പെട്ട സാഹചര്യങ്ങളിലാണ്​ ജീവിക്കുന്നതെന്നാണ്​​ ഹ്യൂമൻ റൈറ്റ്​സ്​ വാച്ചി​​െൻറ നിരീക്ഷണം. അപകടകാരികളല്ലാത്ത തടവുകാരെ മോചിപ്പിച്ച്​ ജയിലുകളിലെ എണ്ണം കുറക്കണമെന്നും ശുചീകരണപരിപാലനം കാര്യക്ഷമമാക്കണമെന്നും ചിലി മുൻ പ്രസിഡൻറും യു.എൻ മനുഷ്യാവകാശ ഹൈ കമ്മീഷണറുമായ മിഷേൽ ബച്​ലറ്റ്​  ആവശ്യപ്പെട്ടിരുന്നു.

ചിലി, കൊളംബിയ രാജ്യങ്ങൾ 7500 ഓളം തടവുകാരെ കോവിഡ്​ പശ്​ചാത്തലത്തിൽ മോചിപ്പിച്ചിട്ടുണ്ട്​. മെക്​സിക്കോയിൽ ആയിരങ്ങളെ മോചിപ്പിക്കാൻ സെനറ്റ്​ കഴിഞ്ഞാഴ്​ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രസീൽ അത്തരം നടപടികൾക്കൊന്നും മുതിർന്നിട്ടില്ല. ചില രാജ്യങ്ങളിലെ ജയിലുകളിൽ തടവുകാരോടുള്ള സമീപനത്തിലും മാറ്റംവന്നിട്ടുണ്ട്​.

അർജൻറീനയിൽ സമരത്തിലേർപ്പെട്ട തടവുകാർ

ഉദാഹരണമായി അർജൻറീനയിൽ 13,000 തടവുകാർക്ക്​ വീഡിയോ കാൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്​. അതുപോലെ ബ്വേനസ്​ ഐറിസിൽ തടവുകാർക്ക്​ മൊബൈൽ ഫോൺ അനുവദിച്ചിട്ടുണ്ട്​. കോവിഡിനെ പേടിച്ച്​ ബൊളീവിയൻ ജയിലുകളിൽ കഴിയുന്ന ചില തടവുകാർ സ്വന്തം നിലക്ക്​ ക്വാറൻറീൻ പോലുള്ള സുരക്ഷ നടപടികൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്​. കുടുംബാംഗങ്ങളുടെ സന്ദർശനത്തെയും അവർ സ്വമേധയ വിലക്കി.