കൊച്ചി: 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും തടയുന്നതിനുള്ള നിയമവ്യവസ്ഥകൾ കർശനമായി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണറോട് കേരള ഹൈക്കോടതി നിർദേശിച്ചു. നിലവിലുള്ള നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങളും തുടർനടപടികളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദേശം. കൊല്ലം സ്വദേശി വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേരള അബ്കാരി നിയമത്തിലെ 15 എ, 15 ബി വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതിനും വിളമ്പുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ടായിട്ടും ലൈസൻസുള്ള ബാറുകളിൽ പ്രായപൂർത്തിയാകാത്തവർക്കും യുവാക്കൾക്കും യഥേഷ്ടം മദ്യം ലഭിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അടുത്തിടെ നെടുമ്പാശേരിയിലുണ്ടായ മിനി കൂപ്പർ വാഹനാപകടവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യപിച്ചിരുന്ന 19കാരൻ ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 18 വയസ്സിൽ താഴെയുള്ളവർ പോലും മദ്യപിച്ച് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലൈസൻസുള്ള സ്ഥാപനങ്ങളിൽ പ്രായപരിശോധനയില്ലാതെ മദ്യം വിളമ്പുന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ജുവനൈൽ നിയമപ്രകാരം നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളുടെ പ്രായപരിധി 16 ആയി കുറയ്ക്കുന്നതിനെക്കുറിച്ച് നിയമനിർമാണസഭകൾ ആലോചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചു. 16 വയസ്സാകുമ്പോൾ കുട്ടികൾക്ക് കാര്യങ്ങൾ തിരിച്ചറിയാനുള്ള പക്വത കൈവരിക്കുന്നുവെന്ന നിലവിലെ പ്രവണതയും പരിഗണിക്കണമെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാൽ ഇത് നിയമത്തിൽ വരുത്തിയ മാറ്റമല്ല, നിയമനിർമാണസഭയുടെ പരിഗണനയ്ക്കുള്ള നിരീക്ഷണം മാത്രമാണ്. ഹർജി വിശദമായ വാദം കേൾക്കേണ്ട വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് നവംബർ 24ന് വീണ്ടും പരിഗണിക്കാൻ മാറ്റി.











Leave a Reply