കൊറോണ ഭീതിയില്‍ വീടുകളിലേക്ക് ആളുകള്‍ ഒതുങ്ങുമ്പോള്‍ വീട്ടിലിരിക്കാന്‍ ഭയപ്പെടുകയാണ് ഇടുക്കിയിലെ ഹൈറേഞ്ച് വാസികള്‍. അടിക്കടിയുണ്ടാവുന്ന ഭൂചലനങ്ങളുടെ ഭീതിയിലാണ് ഇവര്‍. ഏത് സമയവും ഉണ്ടാവുന്ന ‘വിറയല്‍’ ഇവരുടെ സാധാരണ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നു. 15 ദിവസത്തിനിടെ ഇരുപതിലധികം തവണയാണ് ഇടുക്കിയില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. അപകടകരമായ തോതിലേക്ക് ഇവ വളര്‍ന്നില്ല.
എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഭൂചലനങ്ങള്‍ മൂലം വീടും നാടും ഉപേക്ഷിച്ച് പോവേണ്ടി വരുമോ എന്ന ആശങ്കയും ഹൈറേഞ്ച് വാസികളില്‍ നിലനില്‍ക്കുന്നു. അതേ സമയം ഇടുക്കിയിലെ ഭൂചലനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് കേന്ദ്ര കാലാവവസ്ഥാ വകുപ്പിനോട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയില്‍ 12 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത് രാവിലെ അഴ് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ് ഇവ അനുഭവപ്പെട്ടത്. നെടുങ്കണ്ടം, വാഗമണ്‍, കുമളി, കട്ടപ്പന, ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ രണ്ടില്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക് കൂടുതലായും അനുഭവപ്പെടുക.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിന് സമീപം ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.8 ആണ് രേഖപ്പെടുത്തിയത്. വലിയ മുഴക്കത്തോടെയുണ്ടായ ഭൂചലനം 70 സെക്കന്‍ഡ് നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ഇടുക്കി അണക്കെട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശത്ത് ചലനമുണ്ടായത് നാട്ടുകാരെ വലിയ തോതില്‍ ഭീതിയിലാഴ്ത്തി. നെടുങ്കണ്ടം മേഖലയിലെ പല വീടുകള്‍ക്കും ഭൂചലനത്തില്‍ നേരിയ വിള്ളലുകളും ഉണ്ടായി. ‘കഴിഞ്ഞ മാസം ഒടുക്കം മുതല്‍ പല തവണയായി ഭൂമി കുലുക്കം ഉണ്ടാവുന്നുണ്ട്. ചിലത് നമുക്ക് ശരിക്കും തിരിച്ചറിയാന്‍ കഴിയും. നന്നായി വിറയ്ക്കും. ചിലത് നേരിയ ഒരു അനക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിങ്ങനെ ഇടക്കിടെ ഉണ്ടാവുന്നത് കൊണ്ട് വീട്ടില്‍ കഴിയാനുള്ള മനസമാധാനം പോയി.
രാത്രിയെങ്ങാനും വലിയ കുലുക്കം വന്നാലോ എന്ന പേടിയാണ്. ഇപ്പോള്‍ വിള്ളല്‍ മാത്രമെ ഉണ്ടായുള്ളൂ. നാളെ അത് കുറച്ചൂടെ കൂടുതലായാല്‍ ഞങ്ങളുടെ ജീവനും അപകടമാണ്.’ നെടുങ്കണ്ടം സ്വദേശിയായ ഹരിഹരന്‍ പറയുന്നു.
ഫെബ്രുവരി 27ന് ഉച്ച മുതലാണ് ഇടുക്കിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. 1988 ജൂണില്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി ഹൈറേഞ്ച് നിവാസികള്‍ പറയുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായി. അന്ന് പലരും നാട്ടില്‍ നിന്ന് മാറിത്താമസിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇടുക്കിയിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ ആണ് അപകടകരമെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
കേരളത്തില്‍ പെരിയാര്‍ ബെല്‍റ്റും, പാലക്കാട് ചുരമുള്‍പ്പെടുന്ന മേഖലയും ഭൂചലന സാധ്യതാ മേഖലകളാണ്. ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമശാസ്ത്രജ്ഞരും പറയുന്നു. ഭൗമപാളികളില്‍ ഉണ്ടാവുന്ന തെന്നിമാറലും ക്രമീകരണങ്ങളും മൂലം നേരിയ ചലനങ്ങള്‍ ഉണ്ടാവുന്നതില്‍ അസ്വാഭാവികതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ‘ 1988ലെ ചലനങ്ങള്‍ കൂടാതെ 2005ല്‍ ഈരാറ്റുപേട്ടയില്‍ ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട്, ഇടുക്കി എല്ലാം ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ അത് അപകടകരമായ രീതിയിലേക്ക് മാറുന്നത് ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഇടക്ക് നേരിയ ചലനങ്ങള്‍ ഉണ്ടായി പ്രഷര്‍ റിലീസ് ചെയ്ത് പോവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ആ പ്രദേശത്ത് മര്‍ദ്ദം സ്വരൂപിക്കപ്പെടുകയും അത് വലിയ ചലനങ്ങള്‍ക്ക് സാധ്യതയേറ്റുകയും ചെയ്യും. എന്നാല്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇടക്കിടെ ഇത് പ്രതീക്ഷിക്കുകയും ചെയ്യാമെങ്കിലും ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല.’ ഭൗമ ശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാര്‍ പറയുന്നു.
എന്നാല്‍ അടിക്കടി ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ സംവിധാനമൊരുക്കണമെന്നതാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ ആവശ്യം. പത്തിലധികം വര്‍ഷമായി ഭൂചലനങ്ങളെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സംവിധാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഇതേവരെ പരിഗണിച്ചിട്ടില്ല.
Leave a Reply