ശശി തരൂര്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. പ്രസ്താവനയില്‍ രാജ്യമാകെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് കേസ്. നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍
തന്‍റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രയോഗത്തില്‍ നിന്ന് ഒരുവാക്കുപോലും പിന്‍വലിക്കില്ലെന്നായിരുന്നു ശശിതരൂരിന്‍റെ വാദം. തന്‍റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടി കേള്‍ക്കണമെന്നും ചര്‍ച്ചചെയ്യണമെന്നും ശശി തരൂര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ക്ലേവ് വേദിയില്‍ ശശി തരൂരും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഏറ്റുമുട്ടുകയും ചെയ്തു.
ബി.ജെ.പിയെക്കുറിച്ച് ഇന്നലെ പറഞ്ഞുനിര്‍ത്തിയേടത്തു നിന്ന് തുടരുകയായിരുന്നു ശശിതരൂര്‍ കോണ്‍ക്ലേവ് വേദിയില്‍. സിഖ് വിരുദ്ധ കലാപവും അടിയന്തരാവസ്ഥയും ഉന്നയിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതിരോധിച്ചതോടെ ചര്‍ച്ചയ്ക്ക് തീപിടിച്ചു.
ഒടുവില്‍ മോഡറേറ്റര്‍ ശേഖര്‍ ഗുപ്തയ്ക്ക് ഇടപെടേണ്ടിവന്നു. ഹിന്ദുരാഷ്ട്രം കൊണ്ടുവന്നാല്‍ ഇന്ത്യ പാക്കിസ്ഥാന്‍റെ ഹിന്ദു പതിപ്പാകുമെന്ന് കോണ്‍ക്ലേവ് വേദിക്കു പുറത്ത് ശശിതരൂര്‍ പ്രതികരിച്ചു. നാം ആക്ഷേപിക്കുന്ന രാജ്യത്തേപ്പോലെയാകാന്‍ നാം ശ്രമിക്കുന്നതെന്തിനാണ്. താന്‍ ഉന്നയിച്ച വിഷയം കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ചചെയ്യണം. പാര്‍ട്ടിയില്‍ പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
Leave a Reply