മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാസങ്ങള്‍ കേരളത്തില്‍ കുട കച്ചവടത്തിന്റെ കാലഘട്ടമാണ്. മലയാളിയുടെ ജീവിതത്തിന് കുടയുമായി അഭേദ്യ ബന്ധമാണ്. ‘അര്‍ദ്ധരാത്രി കുട പിടിക്കുക’ തുടങ്ങിയ പഴമൊഴികള്‍ ഇതിന് ഉദാഹരണമാണ്. മലയാളിയെ ആധുനിക കച്ചവടത്തിന്റെ പല സങ്കേതങ്ങളും പരിചയപ്പെടുത്തിയത് തന്നെ കുട കമ്പനികളാണ്. ഒരു കാലത്ത് ആകാശവാണി റേഡിയോ ഓണ്‍ ചെയ്താല്‍ മണ്‍സൂണിനോടനുബന്ധിച്ച കാലഘട്ടങ്ങളില്‍ കുട നിര്‍മാണത്തില്‍ അക്കാലത്ത് മേല്‍കോയ്മ ഉണ്ടായിരുന്ന സെന്റ് ജോര്‍ജ് കുടകളുടെ ഇമ്പമാര്‍ന്ന പരസ്യങ്ങളായിരുന്നു എപ്പോഴും. ആ പരസ്യങ്ങളാണ് മലയാളിയെ ആധുനിക മാര്‍ക്കറ്റിങ്ങിന്റെ രീതികള്‍ കാണിച്ചു കൊടുത്തത്. പ്രമുഖ സാമൂഹ്യ നവോത്ഥാന നായകനും, സാഹിത്യകാരനുമായ വി ടി ഭട്ടതിരിപ്പാട് തന്റെ ആത്മകഥയായ ‘കണ്ണീരിലും കിനാവിലും’ താന്‍ ആദ്യമായി കൂട്ടി വായിച്ച അക്ഷരങ്ങള്‍ ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന ന്യൂസ് പേപ്പറില്‍ ഉണ്ടായിരുന്ന മാന്‍മാര്‍ക്ക് കുടയുടെ പരസ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ കുടവ്യവസായം പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേയ്ക്ക് കടക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ മണ്‍സൂണ്‍ സീസണിലും ഒത്തിരി പുതുമകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരാന്‍ കമ്പനികള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു പ്രമുഖ കമ്പനി നടത്തിയിരിക്കുന്നത് തികച്ചും നൂതനമായ പരീക്ഷണമാണ്. ഹൈടെക് കുടകളാണ് കമ്പനി ഇത്തവണ വിപണിയിലിറക്കിയിരിക്കുന്നത്. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കുടകളില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കും. വലിയ തോതില്‍ മഴ പെയ്യുമ്പോള്‍ മൊബബൈല്‍ ഫോണുകള്‍ നനയാതെ സംരക്ഷിക്കാമെന്ന മെച്ചമുണ്ട് ഇതിന്. മാത്രമല്ല ഫോണുകള്‍ പോക്കറ്റില്‍ നിന്ന് എടുക്കാനും ബദ്ധപ്പെടേണ്ടതില്ല. കുടകളുടെ പിടിയിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഫോണ്‍ സംസാരത്തിന്റെ സ്വകാര്യത കുറയുമെന്ന പോരായ്മ ഇതിനുണ്ട്. കാറുകളിലെ ബ്ലൂടൂത്ത് സംവിധാനം വഴിയുള്ള ഹാന്‍ഡ് ഫ്രീ ഫോണുകള്‍ പോലെയാണ്, ഇത് പ്രവര്‍ത്തിക്കുന്നത്. മറുതലയ്ക്കല്‍ സംസാരിക്കുന്ന ആളുടെ സംസാരം ചുറ്റുപാടു നില്‍ക്കുന്നവര്‍ക്ക് ശ്രവിക്കാന്‍ സാധിക്കും. കമ്പനി നിര്‍മിച്ച ഹൈടെക് കുടകളെല്ലാം ഇതിനോടകം വിറ്റുപോയി. വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ കുടകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

അമേരിക്കന്‍ മാധ്യമ ഭീമനായ സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ കേരളത്തിലെ കുട മാര്‍ക്കറ്റിലെ ഈ ഹൈടെക് വിപ്ലവം വന്‍ വാര്‍ത്തയായി. ഇനിയും എന്തൊക്കെ പുതുമകളാണ് കുടമാര്‍ക്കറ്റില്‍ വരുന്നതെന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍.