ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബോള്‍ട്ടണിലെ ഔര്‍ ലേഡി ലൂര്‍ദ്സ് പള്ളിയ്ക്ക് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം പള്ളിയിൽ മലയാളം കുര്‍ബാന നടന്നു കൊണ്ടിരിക്കെയാണ് സംഭവം. ആരാണ് ആക്രമണത്തിന് പിന്നിൽ എന്നുള്ളത് വ്യക്തമല്ല. ആ സമയം പള്ളിയിൽ കുർബാനയിൽ ആളുകൾ പങ്കെടുക്കുകയായിരുന്നു. വലിയ ശബ്ദമോ ഒന്നും തന്നെ കേട്ടില്ല, പക്ഷെ ചില്ലുകൾ തകർന്ന് വീണെന്നും, ഇതിന് പിന്നിൽ ഒരു പ്രത്യേക വിഭാഗമാണെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കല്ല് എറിഞ്ഞ ശേഷം അക്രമികൾ ഓടി ഒളിക്കുകയായിരുന്നു എന്നും, ആരാണ് പിന്നിൽ എന്ന് വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.

ആക്രമണം ഉണ്ടായ സംഭവം ഇടവക വൈദികന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്ന കാര്യം പള്ളിയുടെ ചുമതലക്കാരനായ സാല്‍ഫോര്‍ഡ് രൂപതയിലെ വൈദികനെ അറിയിച്ചതായും മലയാളി വൈദികന്‍ വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും നിയമ നടപടികളിലേക്ക് പള്ളി കടന്നിട്ടുണ്ടോ എന്നുള്ളതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുകെ യുടെ വിവിധ പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് നേരെ മുൻപും സമാനമായ ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളി സമൂഹത്തെ അല്ല അക്രമികൾ ലക്ഷ്യമിടുന്നത് എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്.

ബോള്‍ട്ടണിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സാല്‍ഫോര്‍ഡ് രൂപതയ്ക്ക് കീഴിലുള്ള ഈ പ്രദേശത്തെ പള്ളികളുടെ എണ്ണം പാതിയായി കുറയ്ക്കാന്‍ രൂപതാ അധ്യക്ഷന്‍ ഏതാനും വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. പള്ളികളിൽ ആളുകളുടെ എണ്ണം കുറയുന്നതാണ് നടപടിക്ക് കാരണം. പക്ഷെ ഇന്ത്യയിലും മറ്റിടങ്ങളിലും പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധം ഉയരാറുണ്ട്. എന്നാൽ യുകെയിലെ സാഹചര്യം നേരെ വിഭിന്നമാണ്.