ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദിൻ കമാണ്ടർ റിയാസ് നായ്കൂവിനെ സൈന്യം വധിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഹിസ്ബുൾ തലവനെ സൈന്യം കൊലപ്പെടുത്തിയത്. ജമ്മു കശ്മീരിലെ ത്രാലിൽ നിന്ന് ഒരു ഹിസ്ബുൾ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഇന്നലെ രാത്രി മുതൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊടും ഭീകരൻ ഹിസ്ബുൾ മുജാഹിദിൻ കമാണ്ടർ റിയാസ് നായ്കൂ കൊല്ലപ്പെട്ടത്. 2017 ൽ സർക്കാർ പുറത്തു വിട്ട കൊടും ഭീകരരുടെ പട്ടികയിൽ റിയാസ് നായ്കൂ ഉണ്ടായിരുന്നു. ബുർഹാൻ വാനിയുടെ വധത്തിനു ശേഷമാണ് നായ്കൂ ഹിസ്ബുൾ തലപ്പത്തേക്ക് എത്തിയത്. പോലീസുകാർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

12 ലക്ഷം രൂപയാണ് ഇയാളുടെ തലക്ക് സർക്കാർ വിലയിട്ടിരുന്നത്. കശ്മീരിലെ മൊബൈൽ ഇന്റർനെറ്റ്‌ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷൻ. അവന്തിപോറയിൽ മറ്റൊരു സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. അതിനിടെ ത്രാലിൽ നിന്ന് ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ അറസ്റ്റ് ചെയ്തു. പോലീസും സൈന്യവും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരൻ പിടിയിലായത്. ആയുധങ്ങളും ഗ്രനേഡുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. കോവിഡ് ഭീഷണിക്കിടയിലും അതിർത്തിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണം ആശങ്കയുയർത്തുകയാണ്. കഴിഞ്ഞ 5 ദിവസത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ 8 സൈനികർക്കാണ് ജീവൻ നഷ്ടമായത്.