ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി സ്റ്റീൽ പൈപ്പ് ബിസിനസിനെതിരെ എച്ച്എംആർസി കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നികുതി അടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികൾ നേരിടുന്നത് . ഏകദേശം 26.3 മില്യൺ ടാക്സ് കുടിശ്ശിക ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ എച്ച് എം ആർ സി യ്ക്ക് നൽകാനുള്ള നികുതി അടച്ചുതീർത്തതായും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഇല്ലെന്നും ലിബർട്ടി കമ്പനിയുടെ വക്താവ് പറഞ്ഞു.
എന്നാൽ നികുതി കടമുള്ള ഉപഭോക്താക്കൾക്ക് തുടർന്ന് എല്ലാവിധ പിൻതുണയും നൽകുന്ന സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും എല്ലാ വഴികളും അടയുമ്പോൾ മാത്രമാണ് നികുതിദായകരുടെ പണം സംരക്ഷിക്കാൻ കോടതിയിൽ ഹർജി സമർപ്പിക്കുന്നതെന്നും എച്ച് എം ആർ സി വക്താവ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, റൊമാനിയ വഴി വടക്കൻ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന ലോഹങ്ങളുടെയും ഊർജ്ജ കമ്പനികളുടെയും ഗ്രൂപ്പാണ് ലിബർട്ടി കമ്പനി. ഗുപ്തയുടെ GFG അലയൻസിന്റെ പ്രധാന ഭാഗമായ ലിബർട്ടി സ്റ്റീലിന് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ ഹർജി. പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ യുകെയിലെ ലിബർട്ടി സ്റ്റീലിന്റെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടൽ അഭിമുഖീകരിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply