യുഎസിനെ വിറപ്പിച്ച ഇരട്ടക്കൊലക്കേസ്​ പ്രതിക്ക്​ വധശിക്ഷ വിധിച്ച്​ ലോസ്​ ആഞ്ചൽസ്​ കോടതി. ‘ഹോളിവുഡ്​ റിപ്പർ’ എന്ന പേരിൽ കുപ്രസിദ്ധനായ തോമസ്​ ഗാർഗിലോക്കാണ്​ 20 വർഷ​ത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്​. നടൻ ആഷ്​ടൺ കച്ചറുടെ കാമുകി ഉൾപെടെ രണ്ടു പേരെ വീട്ടിൽ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​ത കേസിലാണ്​ വിധി.

”ഗാർഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു”വെന്ന്​ വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്​ജി ലാറി ഫിഡ്​ലർ പറഞ്ഞു. രണ്ടു വർഷം മുമ്പ്​ വാദംകേൾക്കൽ പൂർത്തിയായ കേസിൽ പ്രതിക്ക്​ വധശിക്ഷ നൽകണമെന്ന്​ ജഡ്​ജിമാർ ​ശിപാർശ ചെയ്​തിരുന്നു. നടപടിക്രമങ്ങളിൽ തട്ടി ശിക്ഷ പ്രഖ്യാപിക്കൽ വൈകുകയായിരുന്നു.

  ചരിത്രത്തിലാദ്യമായി ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ മഴ; മഹാപ്രളയത്തിനടക്കം സാധ്യത, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ശാസ്ത്രലോകം

ഫാഷൻ ഡിസൈൻ വിദ്യാർഥിയായ ആഷ്​ലി എലറിനെ ഹോളിവുഡിലെ വീട്ടിൽകയറി 47 തവണ കുത്തിയാണ്​ ഗാർഗിലോ കൊലപ്പെടുത്തിയിരുന്നത്​. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ്​ ആഞ്ചൽസിലെ എൽ മോണ്ടയിലുള്ള വീട്ടിൽ കയറിയാണ്​ കൊലപ്പെടുത്തിയിരുന്നത്​. മി​ഷേൽ മർഫി എന്ന യുവതിയെയും ആക്രമി​െച്ചങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.

ഇവർ നൽകിയ സൂചനകളിൽനിന്നാണ്​ രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്​. എയർ കണ്ടീഷനിങ്​, ഹീറ്റർ റിപ്പയറിങ്​ ​േജാലി ചെയ്​തിരുന്ന ഗാർഗിലോ ഇരകളുടെ വീടുകൾക്ക്​ സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാൽ, താനല്ല കൊല നടത്തിയതെന്നാണ്​ ഗാർഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഗാർഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല.