പേരുപോലെതന്നെ ഭൂമിയുടെ ഉപ്പായി, ഉപ്പുരസം ഒട്ടും നഷ്ടപ്പെടുത്താതെ യു കെ യിലെ സമൂഹത്തിനു മുഴുവൻ മാതൃകയായി ആത്മീയപ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ബർമിങ്ഹാമിലെ സൾറ്റ്ലി ദേവാലയത്തിലെ ( സെൻറ് ബെനഡിക്ട് മിഷൻ, സൾറ്റ്ലി) ഇടവകാംഗങ്ങൾ, വികാരി ഫാ ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിൽ ഈ വർഷം ക്രിസ്തുമസിനായി വിപുലമായ ആത്മീയ ഒരുക്കത്തിലാണ്. ഈ ഒരുക്കത്തിൻറെ ഏറ്റവും പ്രധാന ഘടകം ഇരുപത്തിയഞ്ച് നോയമ്പിനോടനുബന്ധിച്ച് ഡിസംബർ മാസം ക്രിസ്തുമസ് വരെ എല്ലാ ദിവസവും നടത്തപ്പെടുന്ന പന്ത്രണ്ടുമണിക്കൂർ ദിവ്യകാര്യണ്യ ആരാധനയാണ്. രാവിലെ ഏഴു മണിക്ക് ദിവ്യബലിയോടെ ആരംഭിക്കുന്ന ആരാധന വൈകുന്നേരം ഏഴുമണിക്ക് ദിവ്യബലിയോടെതന്നെ അവസാനിക്കുന്നു. അങ്ങിനെ ബലിയർപ്പിച്ച് കർത്താവിനെ ആരാധിച്ച് പഠനമാരംഭിക്കാൻ കുട്ടികൾക്കും വിശുദ്ധകുർബാനയിൽനിന്ന് ലഭിക്കുന്ന ആത്മീയശക്തിയിൽ അനുദിന ജോലികളിൽ പ്രവേശിക്കാൻ മുതിർന്നവർക്കും സാധിക്കുന്നു. നൈറ്റ് ഡ്യൂട്ടിമൂലവും മറ്റു കാരണങ്ങളാലും രാവിലത്തെ ബലിയിൽ പങ്കുചേരാനാവാത്തവർക്ക് വൈകുന്നേരത്തെ ബലിയർപ്പണം വലിയ ഒരനുഗ്രഹമാണ്.

ആരാധനയിൽ പങ്കുചേരുന്ന വിശ്വാസികൾ സഭയ്‌ക്കും സമൂഹത്തിനും വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു, കൂടാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു . വിശുദ്ധഗ്രന്ഥം വായിക്കുകയും രൂപതയ്ക്കും പിതാവിനും ഇടവകയ്ക്കും ഇടവകയിലെ ഓരോ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു ക്രിസ്തുമസ് വരെയുള്ള എല്ലാ ദിവസങ്ങളിലും മുടക്കംവരുത്താതെ വിശുദ്ധകുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനായുള്ള മാസ്സ് കാർഡ് കുട്ടികൾക്ക് നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരീശ്വരവാദികളും ആജ്ഞേയവാദികളും ഭൗതികവാദികളുമെല്ലാം ചേർന്ന് ക്രിസ്തുമസിൽ ഉണ്ണിയേശുവിനു സ്ഥാനം കൊടുക്കാതെ ക്രിസ്തുനാഥൻറെ പിറവിതിരുനാളിനെ ആഘോഷങ്ങളുടെയും കച്ചവടതാത്പര്യങ്ങളുടേയും മാത്രം ഉത്സവമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ദിവ്യബലിയിലൂടെയും ദിവ്യകാരുണ്യാരാധനയിലൂടെയും ദൈവപുത്രന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട് ക്രിസ്തുമസിനായി വിശ്വാസികളുടെ ഹൃദയങ്ങളെ ഒരുക്കുന്ന സൾറ്റലി ദേവാലയവും വികാരി ടെറിനച്ചനും പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഈ മാതൃക കൂടുതൽ ഇടവക ദേവാലയങ്ങൾ ഏറ്റെടുക്കുമെന്നും അതിലൂടെ ഈ സമൂഹത്തിൽ പുതിയൊരു ആത്മീയഉണർവ് രൂപപ്പെടുമെന്നും ഉണ്ണിയേശുവിന് കേന്ദ്രസ്ഥാനംനൽകുന്ന, ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന, നവീകരിക്കുന്ന പുത്തൻ ക്രിസ്തുമസ് അനുഭവം പങ്കുവയ്ക്കുന്ന കൂട്ടായ്മകളായി മാറാൻ നമുക്ക് സാധിക്കുമെന്നും പ്രത്യാശിക്കാം. അതിനായി ദൈവസുതനോട് പ്രത്യേകം പ്രാർത്ഥിക്കാം.

ഇടവകയിലെ കുടുംബക്കൂട്ടായ്‌മകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ആരാധനയുടെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും പങ്കുചേരുന്നതിനുമായി ഇടവക ട്രസ്റ്റീ ബിബിൻ ഫ്രാൻസിസുമായി (07533898627) ബന്ധപ്പെടുക.