ലണ്ടന്‍: പാര്‍ലമെന്റിന് സമീപത്തുള്ള ‘ട്യൂബ് ടണലില്‍’ അഭയം പ്രാപിച്ചിരുന്ന വീടില്ലാത്തവരെ ഒഴിപ്പിച്ച് പോലീസ്. തങ്ങളെ ഒഴിപ്പിക്കാന്‍ എം.പിമാരാണ് നിര്‍ദേശം നല്‍കിയതെന്ന് ടണലില്‍ വിശ്രമിക്കുകയായിരുന്നു ഒരാള്‍ പറഞ്ഞു. പോലീസ് ഇവിടെയെത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയത് എം.പിമാരാണെന്ന് വ്യക്തമാക്കിയിരുന്നതായി ഇയാള്‍ പറുന്നു. ടണലില്‍ യാചക വേഷത്തില്‍ കഴിയുന്നവര്‍ തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതായി എം.പിമാര്‍ പരാതിയ പറഞ്ഞതായും പോലീസ് ഇവരോട് പറഞ്ഞു. പാര്‍ലമെന്റിന് സമീപത്തുള്ള ഈ ടണലില്‍ വീടില്ലാത്ത അനവധി പേര്‍ക്ക് വലിയ ആശ്രയമാണ്. തണുത്ത കാലാവസ്ഥയോട് മല്ലടിച്ച് ജീവിക്കുന്നവരില്‍ പലര്‍ക്കും ഈ ടണലില്‍ വിശ്രമിക്കാന്‍ കഴിയും. യാത്രക്കാരെയോ സമീപ പ്രദേശത്ത് കൂടി സഞ്ചരിക്കുന്നവരെയോ ഇവര്‍ ബുദ്ധിമുട്ടിക്കാറുമില്ല.

ഏതാണ്ട് 195 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടനില്‍ ഭിക്ഷാടനവും തെരുവില്‍ അലസമായി കിടന്നുറങ്ങുന്നതും നിരോധിച്ച് നിയമം കൊണ്ടുവരുന്നത്. ഇതേ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇവരെ മെട്രോപോലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പ്രസ്തുത നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലിബറള്‍ ഡെമോക്രാറ്റിക് എം.പി ലൈല മോറണ്‍ ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടായില്ല. യു.കെയില്‍ മാത്രം ആയിരങ്ങള്‍ തെരുവില്‍ താമസിക്കുന്നതായിട്ടാണ് കണക്കുകള്‍. യൂറോപ്പിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

60കാരനായ പീറ്റര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ടണലിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതിശൈത്യത്തെയും മറ്റു പ്രതിസന്ധികളെയും മറികടക്കാന്‍ പീറ്ററിന് സഹായകമായതും ടണലിലെ ജീവിതമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8 മണിയോടെ പീറ്ററിനെ പോലീസ് ടണലില്‍ നിന്ന് ഇറക്കിവിട്ടു. 22കാരനായ എലിയറ്റിനും സമാന അനുഭവമാണ്. 16 വയസുമുതല്‍ തെരുവില്‍ ജീവിക്കേണ്ടി വന്നയാളാണ് എലിയറ്റ്. ടണലില്‍ താന്‍ ബൈബിള്‍ വായിച്ചിരിക്കുമ്പോളാണ് പോലീസെത്തിയതെന്നും തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ പോലീസ് ഇറക്കിവിട്ടെന്നും എലിയറ്റ് പറയുന്നു.