ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യാ മാതാവ് സുധാ മൂർത്തിയെ ഇന്ത്യയുടെ രാജ്യസഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്തു. ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ആർ നാരായണമൂർത്തിയുടെ ഭാര്യയാണ്. നാരായണമൂർത്തി സുധാമൂർത്തി ദമ്പതികളുടെ മകളായ അക്ഷതാമൂർത്തിയെ 2009 -ലാണ് ഋഷി സുനക് വിവാഹം കഴിച്ചത്.

ഇന്ത്യൻ രാജ്യസഭയിലെ ഭൂരിഭാഗം അംഗങ്ങളെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ സമാജികരിൽ നിന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് . എന്നാൽ രാജ്യസഭയിലെ 12 അംഗങ്ങളെ പ്രസിഡന്റിന് നാമനിർദേശം ചെയ്യാൻ സാധിക്കും. ഇവരുടെ കാലാവധി 6 വർഷമാണ്. വിവിധ മേഖലയിലെ സംഭാവനകളെ പരിഗണിച്ചാണ് ഇവരെ പ്രസിഡൻറ് നാമനിർദേശം നടത്തുന്നത്. സാമൂഹിക പ്രവർത്തനം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകളെ പരിഗണിച്ചാണ് സുധാമൂർത്തി രാജ്യസഭയിലെത്തുന്നത് . സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സുധാമൂർത്തിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനകരവുമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


കഴിഞ്ഞവർഷം ഇന്ത്യൻ ഗവൺമെൻറ് അവർക്ക് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു . രാജ്യസഭാ അംഗമായി നാമ നിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ ബഹുമതി ലഭിക്കുന്നതിൽ ഇരട്ടി മധുരമുണ്ടന്നും സുധാമൂർത്തി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ കമ്പനിയും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയുമായ ഇൻഫോസിസ് തുടങ്ങിയത് തൻറെ ഭാര്യയിൽ നിന്ന് 250 ഡോളർ കടം വാങ്ങിയാണെന്ന് നാരായണമൂർത്തി ഒരിക്കൽ പറഞ്ഞിരുന്നു.

ബാലസാഹിത്യം ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഒട്ടേറെ പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം യുകെയിലേയ്ക്ക് വന്നപ്പോൾ വാസസ്ഥലം ഡൗണിങ് സ്ട്രീറ്റ് ആണെന്ന് പറഞ്ഞത് തമാശയായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കരുതിയ കാര്യം അവർ പലപ്പോഴും പറഞ്ഞിരുന്നു. ഇൻഫോസിസിൽ ഓഹരിയുള്ള മകൾ അക്ഷതാമൂർത്തിയ്ക്ക് 730 മില്യൺ പൗണ്ടിൻ്റെ ആസ്തിയാണുള്ളത്. കോടികളുടെ ആസ്തിയുള്ളപ്പോഴും സുധാമൂർത്തിയുടെ ലളിതജീവിതം പലപ്പോഴും മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു.