ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട തങ്ങളുടെ യുകെയിലെ ഫാക്ടറി 2021ല്‍ അടച്ചുപൂട്ടുന്നു. പഠനങ്ങളുടെ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സ്വിന്‍ഡനിലെ പ്ലാന്റ് അടക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 3500 ഓളം പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പ്ലാന്റ് അടക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. വെസ്റ്റ് ലണ്ടനില്‍ നിന്ന് 70 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ജനപ്രിയ മോഡലായ സിവിക് നിര്‍മിക്കുന്നത്. പ്ലാന്റില്‍ ഒന്നര ലക്ഷം കാര്‍ യൂണിറ്റുകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. 2021ലാണ് നിലവിലുള്ള മോഡലിന്റെ പ്രൊഡക്ഷന്‍ ലൈഫ് സൈക്കിള്‍ അവസാനിക്കുന്നത്. അതിനു ശേഷം പ്ലാന്റ് അടക്കാനാണ് തീരുമാനം.
ഈ തീരുമാനത്തിലെത്തുന്നതിനു മുമ്പായി നടത്തിയ കണ്‍സള്‍ട്ടേഷനില്‍ നിരവധി സംഘടനകളും ഗവണ്‍മെന്റും പങ്കെടുത്തെന്ന് ഹോണ്ട അറിയിച്ചു. യുണൈറ്റ് യൂണിയന്‍ നിയോഗിച്ച എക്‌സ്‌റ്റേണല്‍ കണ്‍സള്‍ട്ടന്റുമാരും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോണ്ട യുകെയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. യുകെ സാമ്പത്തിക വ്യവസ്ഥയില്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും അതുണ്ടാക്കുന്ന ആഘാതങ്ങളുമായിരുന്നു പശ്ചാത്തലം. എന്നാല്‍ പ്ലാന്റ് അടക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ബ്രെക്‌സിറ്റ് അല്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം.
ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിശാലമായ ആഗോള സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്.
Leave a Reply