തേൻ : മലയാളം യുകെ ആയുരാരോഗ്യത്തിൽ ഡോ. ഷർമദ്‌ ഖാൻ എഴുതുന്നു

തേൻ : മലയാളം യുകെ ആയുരാരോഗ്യത്തിൽ ഡോ. ഷർമദ്‌ ഖാൻ എഴുതുന്നു
November 23 16:15 2020 Print This Article

ഡോ. ഷർമദ്‌ ഖാൻ

ഏറ്റവും നല്ലൊരു ടോണിക്കാണ് തേൻ. അഞ്ച് കിലോ ആപ്പിളിൽ നിന്നോ, 7കിലോ കാരറ്റിൽ നിന്നോ നാൽപതോളം കോഴിമുട്ടയിൽ നിന്നോ ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു കിലോഗ്രാം തേനിൽ നിന്നും ലഭിക്കും.

വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ് തേൻ. വിലകൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ തേൻ കൂടി ഉൾപ്പെടുത്തുവാൻ സാധാരണക്കാരന് കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാൾ വില കൂടുതലുള്ള ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിനെ നന്നാക്കുന്നതല്ലെന്ന് മനസ്സിലാക്കിയിട്ടും ഇപ്പോഴും തേൻ വാങ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തേനിനെ കുറിച്ചുള്ള അറിവില്ലായ്മയും, അതിൽ ചേർക്കുന്ന മായവും, കൃത്രിമമായി തേൻ നിർമ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായ തേൻ ഏതാണെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് സാരം.

ആയുർവേദം. അലോപ്പതി. ഹോമിയോ. യൂനാനി ചികിത്സകളിൽ തേൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേൻ. തേൻ മാത്രമായും നിരവധി രോഗങ്ങളിൽ പല മരുന്നുകൾക്കൊപ്പവും തേൻ ഉപയോഗപ്പെടുത്തുന്നതായി ആയിരക്കണക്കിന് സന്ദർഭങ്ങളിൽ പരാമർശമുണ്ട്.

ഏറ്റവും എളുപ്പത്തിൽ തേൻ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാർഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഇറ്റിച്ചാൽ ഒരു ഗോള രൂപത്തിൽ തന്നെ അത് താഴേക്ക് ചലിക്കുന്നത് കാണാം.കൃത്യമമായ തേനാണെങ്കിൽ വെള്ളത്തിന്റെ ഉപരിതലത്തിൽ വെച്ച്തന്നെ അത് പടർന്നു ലയിക്കുന്നതായും കാണാം. നല്ല തേൻ തിരിച്ചറിയാൻ മറ്റ് നിരവധി ഉപാധികൾ ഉണ്ടെന്ന കാര്യം മറക്കണ്ട.

പ്രമേഹരോഗമുള്ളവർ ചെറു തേൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മതി.

തേൻ അടങ്ങിയ ജാമുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്.എന്നാൽ അത് ചൂടുള്ള റൊട്ടിയിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കാൻ പാടില്ല. ചൂടാറിയവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.

ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേൻ. കേടുകൂടാതെ ദീർഘനാൾ ഇരിക്കുവാനുള്ള കഴിവും തേനിന് മാത്രമുള്ളതാണ്.

തേൻ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകൾ ഇനി പറയാം.

കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ആയുർവേദ ഡോക്ടറിൽ നിന്നും തേടാവുന്നതാണ്.

ആസ്ത്മ രോഗികൾ രാത്രി കിടക്കാൻനേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും അളവിൽ തേനും ചേർത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാൽ രാത്രിയിലെ ശ്വാസംമുട്ടൽ കുറയും.

കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കാൻ തേനിൽ പച്ച മഞ്ഞൾ ചേർത്ത് പുരട്ടി കുളിപ്പിക്കുക.

പല്ലിന്റെ ബലം വർദ്ധിപ്പിക്കുവാൻ കുട്ടികൾക്ക് തേൻ കൊടുക്കാം

തീ കൊണ്ടോ, നീരാവി കൊണ്ടോ, ചൂട് വെള്ളം വീണോ പൊള്ളലുണ്ടായാൽ തേൻ മാത്രമായോ തേനും നെയ്യും ചേർത്തോ പുരട്ടാം.

പുളിച്ചുതികട്ടലും മലബന്ധവും ശമിപ്പിക്കുവാൻ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തിൽ പകുതിചെറുനാരങ്ങയുടെ നീര് ചേർത്ത് ഒരു സ്പൂൺ തേൻ കലർത്തി അതിരാവിലെ വെറും വയറ്റിൽ കുടിയ്ക്കുക.

തേൻ ചൂടാക്കിയോ,ചൂടുള്ള കാലാവസ്ഥയിലോ,ശരീരം ചൂട് പിടിച്ചിരിക്കുമ്പോഴോ,ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല.

എന്നാൽ ചില രോഗാവസ്ഥകളിൽ മരുന്നായി ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കുമ്പോഴാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.

ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേൻ പുരട്ടി നൽകുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാൻ നല്ലത്.

ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ അതിരാവിലെ കുടിച്ചാൽ വണ്ണം കുറയും.

വണ്ണം വെക്കുവാൻ പച്ചവെള്ളത്തിൽ തേൻ ചേർത്ത് രാവിലെയും വൈകിട്ടും കുടിക്കാം.

ജലദോഷം കുറയ്ക്കുവാൻ തേനിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് കുടിക്കുക.

കിടക്കാൻ നേരം തേൻ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.

നിയന്ത്രണത്തിനുള്ള പ്രമേഹത്തിന് മഞ്ഞളും നെല്ലിക്കയും പൊടിച്ചോ, അരച്ചോ ചേർത്ത് തേൻ കൂട്ടിക്കഴിക്കാം.

ഗർഭിണികൾക്ക് ഒരു ടീ സ്പൂൺ തേൻ വീതം ദിവസവും കഴിക്കാം.

രക്തക്കുറവിന് രണ്ടുനേരവും ഒരു ടീ സ്പൂൺ വീതം തേൻ കുടിക്കണം.

ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് തേൻ ചേർത്ത് കുടിക്കാം.

ക്ഷീണമുള്ളവർക്ക് ഒരു ഗ്ലാസ് പശുവിൻപാൽ കാച്ചി തണുപ്പിച്ച് മധുരം തോന്നുന്ന അത്രയും അളവിൽ തേൻ ചേർത്ത് പതിവായി കഴിക്കുക.

പനിയുള്ളപ്പോൾ തേൻ ചേർത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.

വിപണിയിൽ നല്ല തേൻ ലഭ്യമാക്കുന്നതിനും ചെറു തേൻ, വൻ തേൻ എന്നിവ വേർതിരിച്ച് കൊടുക്കുന്നതിനും സർക്കാരിൻറെ ശ്രദ്ധ പതിയേണ്ടതുണ്ട്.

രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികൾ തേനിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .

 

 

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles