ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ . നിലവിലെ ഒരു മന്ത്രിയും സൈബർ ഹണി ട്രാപ്പ് ആക്രമണത്തിൽ അകപ്പെട്ടന്നാണ് റിപ്പോർട്ടുകൾ.
ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .
സൈബർ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമൺസ് എല്ലാ എംപിമാർക്കും ഇമെയിൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാർക്ക് ജാഗ്രത പാലിക്കാൻ പാർട്ടി തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . തീരെ പരിമിതമായ ഓൺലൈൻ പ്രൊഫൈൽ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കണ്ടെത്തിയിരുന്നു. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തുകയാണ് ഇതിന് പിന്നിലെന്നാണ് പൊതുവെ കരുതുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.
Leave a Reply