ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 93045 ആണ്. ഇത് കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന രോഗവ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ 60% കൂടുതലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ നാലിലൊന്ന് കേസുകളും ലണ്ടനിലാണ്. ഒമിക്രോൺ ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം നിലവിൽ കോവിഡ് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയർന്നതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്.
ഇതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രതിദിന കോവിഡ് മരണങ്ങൾ 5000 ത്തിനോട് അടുക്കുമെന്നാണ് പ്രവചനങ്ങൾ. ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസർ നീൽ ഫെർഗൂസണും സംഘവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ജനുവരിയിലെ മരണനിരക്ക് 3000 ആകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബ്രിട്ടനിൽ രണ്ടാം തരംഗത്തിൽ പ്രതിദിന മരണനിരക്ക് 1800 – ൽ എത്തിയിരുന്നു. ഒമിക്രോൺ വ്യാപന ഭീതിയിൽ പ്രവചിക്കപ്പെടുന്ന പുതിയ കണക്കുകൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply