ആശുപത്രികളില്‍ രോഗികള്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നതിന് തടയിടുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി നിയമ നിര്‍മ്മാണം നടത്തുമെന്നും ലേബര്‍ വ്യക്തമാക്കി. ദിവസത്തില്‍ ഒരു രോഗിയുടെ ഭക്ഷണത്തിനായി വെറും 3 പൗണ്ടില്‍ താഴെയാണ് ആശുപത്രികള്‍ ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ച പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. ഭരണം ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കും. രോഗികള്‍ക്ക് മിനിമം നിലവാരത്തിലുള്ള ഭക്ഷണം നല്‍കുന്നത് നിര്‍ബന്ധമാക്കും. രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം പോഷക സമൃദ്ധമാക്കുവാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ നിയമം.

ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിനിമം നിലവാരത്തിലുള്ള ഭക്ഷണം മാത്രമെ വിതരണം ചെയ്യാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം ആരോഗ്യ മേഖലയ്ക്ക് ബാധകമല്ല. അതുകൊണ്ടു തന്നെ പല മെഡിക്കല്‍ ട്രസ്റ്റുകളിലും നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ലേബര്‍ ആരോപിച്ചു. രാജ്യത്തെ പകുതിയോളം ആശുപത്രികളില്‍ മോശം ഭക്ഷണ രീതിയാണ് പിന്തുടരുന്നതെന്ന് ബെറ്റര്‍ ഹോസ്പിറ്റല്‍ ഫുഡ് കാംമ്പെയിനുകള്‍ ആരോപിക്കുന്നു. ആശുപത്രി ഭക്ഷണ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും കാംമ്പെയിനേഴ്‌സ് ആവശ്യപ്പെടുന്നു.

2016-17 കാലഘട്ടത്തില്‍ എന്‍എച്ച്എസ് രോഗികള്‍ക്കായി 144 മില്യണ്‍ മീല്‍സ് നല്‍കിയിരുന്നതായി ലേബര്‍ പാര്‍ട്ടി പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കനുസരിച്ച് ശരാശരി ഒരു രോഗിക്ക് വേണ്ടി ദിവസം ചെലവഴിക്കുന്നത് 11 പൗണ്ടാണെന്ന് വ്യക്തമാകുന്നു. 13 ഓളം ആശുപത്രികള്‍ ഇത് 5 പൗണ്ട് മാത്രമാണ്. ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലാണ് ഏറ്റവും കുറഞ്ഞ പണം ചെലവഴിക്കുന്നത്. വെറും 2.61 പൗണ്ടാണ് ഈ ആശുപത്രി ഭക്ഷണത്തിനായി ചെലവാക്കുന്നത്. പോഷകാഹാരം രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഏറെ സഹായിക്കുന്ന ഘടകമാണെന്ന് തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിലെ തന്നെ ആദ്യമായി എന്‍എച്ച്എസില്‍ മിനിമം ഫുഡ് സ്റ്റാന്‍ഡേര്‍ഡ് സംബന്ധിച്ച നിയമം കൊണ്ടു വന്നത്. നിലവില്‍ 10ല്‍ 9 റേറ്റിംഗാണ് ആശുപത്രികളിലെ ഭക്ഷണത്തിന് രോഗികള്‍ നല്‍കുന്നത്. നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഇതില്‍ പ്രതികരിച്ചത്.