ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ജീവനക്കാരെയും സേവനങ്ങളെയും വെട്ടി കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ചികിത്സയുടെയും പരിചരണത്തിന്റെയും കാര്യത്തിൽ റേഷൻ സമ്പ്രദായം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നാണ് അറിയാൻ സാധിച്ചത്.
ചിലവ് കുറയ്ക്കലിന്റെ ഭാഗമായി റിഹാബിലിറ്റേഷൻ സെൻററുകൾ അടച്ചുപൂട്ടൽ, ടോക്കിങ് തെറാപ്പി സേവനങ്ങളിൽ കുറവ് വരുത്തുക, പ്രായമാകുന്നവരെ പരിചരിക്കുന്നതിനുള്ള കിടക്കുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്. 2025 – 26 കാലയളവിൽ നേരിടുന്ന 6.6 ബില്യൺ പൗണ്ടിന്റെ കമ്മിയെ മറികടക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് സർ ജിം മാക്കി ആശുപത്രികൾക്ക് കർശന നിർദേശം നൽകിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷവും ഇത്തവണയും എൻഎച്ച്എസിന് സർക്കാർ 22 ബില്യൺ പൗണ്ട് അധികമായി നൽകിയിരുന്നു. എന്നാലും എൻഎച്ച്എസിലെ വിവിധ ട്രസ്റ്റുകൾ കടുത്ത സാമ്പത്തിക പ്രശ്നത്തിൽ കൂടി കടന്നു പോകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാർ പരിചരണങ്ങളെയും ചികിത്സയുടെ ഗുണനിലവാരത്തിനെയും ബാധിക്കാൻ സാധ്യതയുള്ള 1500 തസ്തികകൾ വരെ വെട്ടി കുറയ്ക്കാൻ ചില ട്രസ്റ്റുകൾ പദ്ധതിയിടുന്നതായാണ് അറിയാൻ സാധിച്ചത്.
Leave a Reply