ലണ്ടന്‍: വിന്ററില്‍ ആശുപത്രികളിലെ തിരക്ക് പാരമ്യത്തിലെത്തിയതോടെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. ജനുവരി അവസാനം വരെ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് എന്‍എച്ച്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയത്ത് അതീവ സമ്മര്‍ദ്ദത്തിലായിരുന്നു ആരോഗ്യ സര്‍വീസ് പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതെന്നും നാഷണല്‍ എമര്‍ജന്‍സി പ്രഷേഴ്‌സ് പാനല്‍ അധ്യക്ഷന്‍ ബ്രൂസ് കിയോഗ് പറഞ്ഞു. രോഗികള്‍ നേരിടുന്നത് മൂന്നാം ലോക സാഹചര്യങ്ങളാണെന്നും മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.
ഇടുപ്പ് ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ മുതലായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇപ്രകാരം മാറ്റിവെക്കുന്നത്. 55,000 ഓപ്പറേഷനുകളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നാണ് നിഗമനം. ക്യാന്‍സര്‍ ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകളും തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി പകുതി വരെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് നിയന്ത്രണ വിധേയമാകാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.
ഡോക്ടര്‍മാരെ കണ്ടതിനു ശേഷം ആശുപത്രി വിടാവുന്ന തരത്തിലുള്ള അസുഖങ്ങളുടെ ഒപി പരിശോധനകള്‍ റദ്ദാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ കാണുകയോ 111 കോളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാവുന്ന വിധത്തിലുള്ള രോഗങ്ങള്‍ക്കാണ് ഈ നിയന്ത്രണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വാര്‍ഡുകളില്‍ ചികിത്സ നല്‍കണമെന്നാണ് എന്‍എച്ച്എസ് നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നിയന്ത്രണവും എടുത്ത് മാറ്റിയിട്ടുണ്ട്. ഇടകലര്‍ന്ന് ചികിത്സ നല്‍കുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.
Leave a Reply