കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.
സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.
രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നു. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.
Leave a Reply