പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടുദിവസത്തെ അനൗദ്യോഗിക ചര്‍ച്ച മഹാബലിപുരത്ത് (മാമല്ലപുരം) നടക്കുമ്പോള്‍ ചെന്നൈയിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ ‘വീട്ടുതടങ്കലില്‍’ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ കോളേജ് ഹാളില്‍ പൂട്ടിയിട്ടിരിക്കുവായിരുന്നുവെന്നും ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ (എംസിസി) 23 ടിബറ്റന്‍ വിദ്യാര്‍ഥികളും മദ്രാസ് സര്‍വകലാശാലയില്‍ 28 വിദ്യാര്‍ത്ഥികളും ഹൗസ് അറസ്റ്റിലായിരുന്നുവെന്നാണ് വിവരം.

എംസിസിയിലെ തിബറ്റന്‍ വിദ്യാര്‍ത്ഥികളോട് ഏതെങ്കിലും ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍’ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും അവരെ കാമ്പസിലെ രണ്ട് ഹാളുകളില്‍ പൂട്ടിയിടുകയും ചെയ്തു. മോദിയും ഷിയും ശനിയാഴ്ച സംസ്ഥാനം വിട്ടത്തിന് ശേഷവും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ ഡീന്‍ ഓഫീസില്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുവെന്ന് ചോദ്യം ചെയ്യപ്പെട്ട ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദം ലഭിച്ച ടിബറ്റന്‍ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഒക്ടോബര്‍ 2 ബുധനാഴ്ച മുതലാണ് ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ഓരോരുത്തരെയും വിളിച്ചുവരുത്തി അവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചത്.

ആഴ്ചകളോളം ഇത് തുടര്‍ന്നു. കഴിഞ്ഞാഴ്ചയും വന്ന് വീണ്ടും ചോദ്യം ചെയ്തു. സെന്റ് തോമസ് മൗണ്ട് പോലീസ് സ്‌റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച സ്വയം നിര്‍ണയ രേഖയില്‍ ഒപ്പുവയ്‌ക്കേണ്ടിയും വന്നു. അതിന് ശേഷം നിര്‍ബന്ധിച്ച് ബോണ്ട് പേപ്പറില്‍ ഒപ്പുവയ്പിച്ചു. അതില്‍ എഴുതിയിരുന്നത്, ‘ഞങ്ങള്‍ ഒരു സമരത്തിനും നിയമവിരുദ്ധമായ കാര്യത്തിലും ഇടപെടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമായിരിക്കും ശിക്ഷ’ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പറയുന്നത്, ‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കാമ്പസിലെ ടിബറ്റന്‍ ബിരുദ വിദ്യാര്‍ത്ഥികളോടും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടും കാമ്പസില്‍ തന്നെ നില്‍ക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. തടവിലാക്കിയത് പോലെയായിരുന്നു. പുറത്തു പോകാതിരിക്കാന്‍ രണ്ട് പോലീസുകാരെയും കാവല്‍ നിര്‍ത്തിയിരുന്നു.’ എന്നാണ്.

എംസിസിയുടെ ഡീന്‍ സംഭവം നിഷേധിച്ചു. മദ്രാസ് സര്‍വകലാശാലയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല.