ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിൽ വീടുവില ഇടിയുന്നത് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും വേഗം കൂടിയ നിരക്കിലെന്ന് പ്രമുഖ ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ. രാജ്യത്തെ മോർട്ട്ഗേജ് ദാതാക്കളിൽ പ്രമുഖരായ നേഷൻവൈഡ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ വിലക്കുറവിന്റെ തോത് 3.4 ശതമാനമാണ്. ഇതിനു മുൻപ് ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 2009 ജൂലൈയിലാണ് വില ഇടിവ് ഉണ്ടായത്. അടിസ്ഥാന പലിശനിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ വലിയ വർദ്ധന മോർട്ട്ഗേജ് നിരക്കിലും പ്രതിഫലിച്ചു തുടങ്ങിയതോടെയാണ് വീടു വിപണി ഇടിഞ്ഞതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ ഇത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വിപണിയിലെ മാന്ദ്യം പ്രകടമാണെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു. വരും ദിവസങ്ങളിൽ വിലയിൽ വിപണിയെ നടുക്കുന്ന തരത്തിലുള്ള ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനു ശേഷം തുടർച്ചയായി 12 തവണ പലിശനിരക്ക് ഉയർത്തി. 0.25 എന്ന നാമമാത്ര നിരക്കിൽ നിന്നും 4.5 എന്ന നിരക്കിലേക്ക് അടിസ്ഥാന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചിരുന്നു. വസ്തു വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വീടുവില കുറയുന്നുണ്ടെങ്കിലും മോർട്ട്ഗേജ് നിരക്കിലെ വലിയ വർദ്ധന പേടിച്ച് ആരും പുതുതായി വീടുവാങ്ങാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു സമയത്ത് ബ്രിട്ടനിൽ കൂടുതൽ ആളുകളും വീടുവാങ്ങി വാടകയ്ക്കു നൽകുന്നത് പതിവ് കാഴ്ച ആയിരുന്നു. എന്നാൽ ഇന്ന് അതുപോലും നടക്കുന്നില്ല എന്നതാണ് വസ്തുത. കിട്ടുന്ന വാടകകൊണ്ട് മോർട്ട്ഗേജ് തിരിച്ചടയാത്ത സാഹചര്യമാണ് പലയിടങ്ങളിലുമെന്ന് നേഷൻവൈഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Leave a Reply