ന്യൂസ് ഡെസ്ക് മലയാളം യുകെ

മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാന്‍ വേണ്ടി യുകെ മാത്രമാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടാണ് ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവും യുകെയില്‍ എത്തുന്നത്. ബഹ്റൈനില്‍ ജീവിച്ചിരുന്ന ജിബുവിന് മകള്‍ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ എങ്ങനെയും കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സില്‍. ഇതിനായി യുകെയില്‍ എത്താനുള്ള വഴികള്‍ തേടിയ കുടുംബത്തിന് ഒടുവില്‍ ആ ആഗ്രഹം സാധ്യമാകുകയും ചെയ്തു. ബെല്‍ഫാസ്റ്റില്‍ ലണ്ടന്‍ഡറിയില്‍ എത്തിയ കുടുംബം 16കാരിയായ ഡോണയുടെ അസുഖ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാൻ എന്‍എച്ച്എസ് കൂടെ നൽകുകയും ചെയ്തു.

ഇതിന്റെ ഭാഗമായി കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇവിടെ സ്റ്റെം സെല്‍ ചികിത്സ അടക്കം നല്‍കിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. ആറുമാസം മുന്‍പ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടര്‍ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകള്‍ക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂര്‍ണ വിജയം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ രക്തത്തില്‍ ചില വേരിയേഷനുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ വിദഗ്ധര്‍ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവില്‍ അതിവേഗം വ്യാപിച്ച ഇന്‍ഫെക്ഷന്‍ മരുന്നുകള്‍ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.

കുട്ടിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് കുടുംബം ശ്രമിക്കുന്നത്. ഇടുക്കി തട്ടാരത്തട്ട സ്വദേശികളാണ് ജിബുവും കുടുംബവും. യുകെയില്‍ എത്തിയിട്ട് ഏറെക്കാലം ആയിട്ടില്ലെങ്കിലും ലണ്ടന്‍ഡെറി മലയാളി സമൂഹം ഒരേ മനസോടെയാണ് ജിബുവിനെയും പത്‌നി ബിനിയെയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഏറെ വേദനകളിലൂടെ കടന്നു പോയ ഒട്ടേറെ വിഷമകരമായ ദിനങ്ങള്‍ക്ക് ശേഷം മകള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന സന്തോഷം ഏതാനും മാസം മാത്രമാണ് ജിബുവിനും ഭാര്യയ്ക്കും ലഭിച്ചത്. ആ വിഷമം ഇന്നലെ ആശ്വസിപ്പിക്കാന്‍ എത്തിയ ഓരോരുത്തരിലും മനസിലേല്‍പിച്ച മുറിവും ഏറെ ആഴത്തില്‍ ഉള്ളതാണ്.

ഡോണ ജിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.