ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വീടുകളുടെ ശരാശരി വിലയിൽ ഈ വർഷത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി പ്രോപ്പർട്ടി സൈറ്റായ റൈറ്റ്മൂവ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തിൽ ഒരു വീടിന്റെ ശരാശരി വിലയിൽ 1.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിത ചെലവുകളുടെ വർദ്ധനവും പലിശ നിരക്കുകളുടെ വർദ്ധനവുമല്ല മറിച്ച്, സാധാരണയായി ഉള്ള സീസണൽ ഇടിവ് മാത്രമാണ് ഇതെന്നാണ് കമ്പനി അഭിപ്രായപ്പെട്ടത്. വീടുകളുടെ വില സാധാരണയായി ഓഗസ്റ്റ് മാസത്തിൽ കുറയുമെന്നും, 1.3 ശതമാനം ഇടിവ് കഴിഞ്ഞ പത്ത് വർഷമായി ഓഗസ്റ്റ് മാസത്തിൽ ഉണ്ടാകുന്ന ശരാശരി ഇടിവിന് അനുസൃതമാണെന്നും കമ്പനി പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വേഗത്തിൽ വിൽക്കേണ്ട ആവശ്യമുള്ളവർ പണം കുറയ്ക്കുന്നതാകാം ഇടിവിന് കാരണമെന്ന് കമ്പനിയുടെ പ്രോപ്പർട്ടി സയൻസ് ഡയറക്ടർ ടിം ബാനിസ്റ്റർ വ്യക്തമാക്കി. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിപണി സാധാരണ രീതിയിലേക്ക് മടങ്ങി വരുന്നതിനാൽ, ഈ മാസത്തെ വിലകളിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പലിശ നിരക്കുകളിലുള്ള വർദ്ധനവിന്റെ ആഘാതം വർഷത്തിന്റെ ബാക്കിയുള്ള സമയങ്ങളിൽ ചിലപ്പോൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വീടുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ കുറവുണ്ടെങ്കിലും, മാർക്കറ്റിൽ ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തിൽ വരുന്ന കുറവ് വില കൂടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. യുകെയിൽ വീടുകളുടെ വിലയിൽ കുറവ് വന്നത് വീട് വാങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത് . എന്നാൽ വീടുകളുടെ വിലയിൽ ഇനിയും കുറവ് വന്നാൽ വില കൂടിയ സമയത്ത് പ്രോപ്പർട്ടി മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തവർക്ക് നഷ്ടം സംഭവിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത് .