ടോം ജോസ് തടിയംപാട്

1880 ൽ നിർമ്മിച്ച ക്രിസ്റ്റ്യൻ ദേവാലയത്തിൻ്റെ ഹാളിൽ ആദ്യമായി ഭഗവദ്‌ഗീതമന്ത്രവും, ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി, അഞ്ജുവിനു കെറ്ററിംഗ് സമൂഹം കണ്ണിരോടെ വിടനൽകി .

സംരക്ഷിക്കപ്പെടേണ്ട ഭർത്താവിന്റെ കരങ്ങൾ കാലൻ്റെ രൂപം പൂണ്ടു വന്നു കഴുത്തു ഞെരിച്ചു കൊന്ന കെറ്ററിംഗ്‌ ജനറൽ. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന് (35 ) കെറ്ററിംഗിലെ ഇംഗ്ലീഷ് ,മലയാളി സമൂഹം ഒത്തുചേർന്നു വിടനൽകി .

രാവിലെ 10 മണിക്ക് ഫ്യൂണറൽ സർവീസിന്റെ വാഹനം പള്ളിമുറ്റത്ത് എത്തിയപ്പോൾ തന്നെ അഞ്ജു ജോലിചെയ്തിരുന്ന ഹോസ്പിറ്റലിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയൊരു പുരുഷാരവും അഞ്ജുവിനെ അവസാനമായി കാണുന്നതിനും ആദരാജ്ഞലികൾ അർപ്പിക്കാനും അവിടെ ഒത്തുകൂടിയിരുന്നു . പിന്നീട് മൃതദേഹം നിലവിളക്കും കർപ്പൂരവും ചന്ദനത്തിരിയും കത്തിച്ചു വച്ചിരിക്കുന്ന ഹാളിലേക്ക് എത്തിയപ്പോൾ ഭാരത്തിന്റെ അത്മായ ഭഗവദ്‌ഗീതാ മന്ത്രവും ഗുരുദേവൻ്റെ മോക്ഷപ്രാർത്ഥനയും മുഴങ്ങി നിന്നു.


ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ പ്രാർഥനകളും ചൊല്ലികൊണ്ടാണ് പൊതുദർശനം നടന്നത് .അഞ്ജുവിന്റെ കൂടെ ജോലിചെയ്യതിരുന്ന ഇംഗ്ലീഷ് നേഴ്സുമാരും ഡോക്ടർമാരും ഹോസ്പിറ്റൽ ഭരണാധികാരികളും വളരെ വേദനയോടെ റോസാപുഷ്പ്പങ്ങളുമായി വന്നു അന്ത്യോപചാരം അർപ്പിച്ചു കടന്നുപോയി. കുട്ടികളുടെ ബോഡി കൊണ്ടുവന്നാൽ ഞങ്ങൾക്കു കാണാൻ വിഷമമാണ് എന്ന് ഇംഗ്ലീഷ് സുഹൃത്തുക്കൾ അറിയിച്ചതുകൊണ്ട് കുട്ടികളുടെ ബോഡി പൊതുദർശനത്തിനു കൊണ്ടുവന്നില്ല .

ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിലെ ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം ചാപ്ലിൻമാരും സാമൂഹിക പ്രവർത്തകനായ സുഗതൻ തെക്കേപുര , കെറ്ററിംഗ്‌ മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ , ഫാദർ എബിൻ ,എന്നിവർ സംസാരിച്ചു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കുവേണ്ടി സിബു ജോസഫ് ,യുക്‌മയ്ക്കുവേണ്ടി പ്രസിഡന്റ് ബിജു പെരിങ്ങാത്തറ , കെ.എം.ഡബ്ല്യു.എയ്ക്ക് വേണ്ടി സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവർ റീത്തുവച്ചു മൃതദേഹത്തെ ആദരിച്ചു.

പൊതുദർശനത്തിന്റ ക്രമീകരണങ്ങൾ നടത്തിയിരുന്നത് കെറ്ററിംഗ്‌ മലയാളി കൾച്ചറൽ വെൽഫെയർ അസോസിയേഷൻ (കെ.എം.ഡബ്ല്യു.എ) ആയിരുന്നു . ഈ ദുരന്തം ഉണ്ടായപ്പോൾ മുതൽ ഇവർ നടത്തിയ പ്രവർത്തനങ്ങൾ മറ്റു അസ്സോസിയേഷനുകൾക്കു മാതൃകയാണ്. അവരുടെ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളാണ് സോബിൻ ജോൺ ,ഐറിസ് മെൻറ്‌സ് എന്നിവരുടേത് .
.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനുമുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത്

അഞ്ജുവിന്റെ ബന്ധുക്കൾ ആരും യു കെ യിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത്. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് മനോജ് അറിയിച്ചു കഴിഞ്ഞ ഡിസംബർ 15 നാണ്‌ അഞ്ജുവും മക്കളായ ജീവ (6 ),ജാൻവി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ജുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് .