ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ശനിയാഴ്ച മുതൽ താപനില ക്രമാതീതമായി വർദ്ധിക്കുമെന്നും മെയ് പകുതിയോടെ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗങ്ങളിൽ 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ടെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞനായ മാർക്കോ പെറ്റാഗ്ന വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോൾതന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താപനിലയിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഇടങ്ങളിൽ ഇപ്പോൾ തന്നെ ജനങ്ങൾ വെയിൽ ആസ്വദിക്കാനായി ബീച്ചുകളിലും മറ്റും താമസം ആക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ലണ്ടനിലും മറ്റും 20 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ബ്രിട്ടണിൽ കഴിഞ്ഞമാസം ലഭിക്കേണ്ട അളവിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ദുഃഖവെള്ളിയാഴ്ച രേഖപ്പെടുത്തിയ 23.4 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണരീതിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ചൂട് ഈ വർഷം ബ്രിട്ടണിൽ അനുഭവപ്പെടുമെന്നാണ് പൊതുവേ കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.