തലസ്ഥാന നഗരിയെ നടുക്കി പട്ടാപ്പകൽ മോഷണം.വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച് ഇരുപത്തിമൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ദമ്പതികളെ മണിക്കൂറുകൾക്കകം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (21) ഭാര്യ നയന (20) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠ്ശ്വേരം തകരപ്പറമ്പ് റോഡിൽ റ്റി.സി 28/1509 പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവർ സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഭഗവതി അമ്മാളിന്റ വീട്ടിന് മുന്നിലെത്തിയ ഇരുവരും കൈയിലെ വെള്ള പേപ്പർ കാണിച്ച് വിലാസം ചോദിക്കാനെന്ന വാജേന അടുത്തെത്തി. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി കുശാലാന്വേഷണം നടത്തി പതിയെ വീട്ടിനുള്ളിലേക്ക് ദമ്പതികൾ കയറി. ഉടൻ തന്നെ നയന വൃദ്ധയുടെ കൈകൾ പുറകിൽ നിന്ന് പിടിച്ച് കട്ടിലിന്റെ കാലിനോട് ചേർത്ത് പിടിച്ചു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്ന് സ്വർണ്ണമാല, മൂന്ന് മോതിരവുമടക്കം ഇരുപത്തിമൂന്ന് പവൻ കൈക്കലാക്കി. തുടർന്ന് ഇവർ വന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
വിവരമറിഞ്ഞയുടൻ സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഇരുവരും വലയിലായത്. കവർച്ച നടത്തി വരുന്ന വഴിയിൽ തന്നെ രണ്ട് പണയ സ്ഥാപനങ്ങളിൽ കുറച്ചു സ്വർണ്ണം പണയം വച്ചിരുന്നു. ബാക്കി സ്വർണ്ണം ഇവരുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.
സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെയും ഡി.സി.പി ജി. ജയദേവിന്റെയും നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാർ. വി, സി.ഐ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Leave a Reply