സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ ലഭിച്ചിരിക്കുന്നത്. ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ കാനഡയിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശിയും കോതമംഗലം ചേലാട് സ്വദേശികളായ സഹോദരൻമാരുമാണ്.

കേരളത്തിലെ നാടൻ വാറ്റുകാരുടെ വിദ്യകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പുവരുത്തിക്കൊണ്ടാണ് സർക്കാരിന്റെ അനുമതിയോടെ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മന്ദാകിനി ബ്രാൻഡ് വിപണിയിലിറക്കിയത്.

രാജ്യാന്തര വിപണികളിൽ ക്യൂബ, ജമൈക്ക എന്നീ വിവിധ രാജ്യങ്ങളിലെ നാടൻ മദ്യം വിറ്റഴിക്കുന്നത് കണ്ടാണ് നാടൻ വാറ്റിനെ എന്തുകൊണ്ട് മാർക്കറ്റ് ചെയ്തുകൂടായെന്ന് ഇവർ ആലോചിച്ചത്. 4 വർഷം നീണ്ട കൃത്യമായ പഠനത്തിന് ശേഷം സർക്കാരിന്റെ അനുമതിയോടെയാണ് മദ്യനിർമാണത്തിന് തുടക്കമിട്ടത്.

മന്ദാകിനിയിൽ 46 ശതമാനം ആൽക്കഹോളാണ് അടങ്ങിയിരിക്കുന്നത്. ‘നാടൻ വാറ്റ്’ എന്ന് കുപ്പിയിൽ മലയാളത്തിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളിലെ നാടൻ വിളിപ്പേരുകളും ചേർത്തിട്ടുണ്ട്. കാനഡയ്ക്കു പുറമേ അമേരിക്കയിലും യുകെയിലുമുള്ള മലയാളികൾക്കിടയിൽ ‘മന്ദാകിനി’ഹിറ്റായിക്കഴിഞ്ഞു.