ബിജോ തോമസ് അടവിച്ചിറ
കുട്ടനാടൻ മേഖലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കെത്തി. ഇന്നലെ വൈകുന്നേരം വരെ ആറുതാലൂക്കുകളിലുള്ള 47 ദുരിതാശ്വാസ ക്യാന്പുകളിലായി 1,156 കുടുംബങ്ങളിലെ 4,113 പേരാണുള്ളത്. ഇതിൽ 669 കുട്ടികൾ, 1820 സ്ത്രീകൾ, 1427 പുരുഷന്മാർ എന്നിങ്ങനെയാണ് കണക്ക്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23161 പേരുമുണ്ട്. ഇതിൽ 3,033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്.
മേഖലയിൽ വ്യാപകമായി മട വീണതോടെ പലേടത്തും കൃഷിയിടങ്ങളും പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. രാത്രിയിലാണു ഭൂരിഭാഗവും സംഭവിച്ചതെന്നതിനാൽ തുടർപ്രവർത്തനങ്ങൾക്കു രാവിലെ വരെ കാത്തിരിക്കേണ്ടിയും വന്നു. കൃഷിവകുപ്പിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജില്ലയിൽ മടവീഴ്ചയെത്തുടർന്ന് 18 പാടശേഖരങ്ങളിലായി 578 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുട്ടനാട് കൈനകരി വടക്ക് വില്ലേജിൽ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കഴിഞ്ഞ രാത്രി 11നു മടവീണതിനെത്തുടർന്ന് വെള്ളക്കെട്ടിലായവരെ ഒഴിപ്പിക്കൽ നടപടി ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കളക്ടർ ഡോ. അദീല അബ്ദുള്ള സ്ഥലം സന്ദർശിക്കുകയും ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റാൻ നിർദേശം നൽകുകയും നേതൃത്വം നല്കുകയുമായിരുന്നു.
കൈനകരിയിലെ ആറുപങ്ക്, ചെറുകാലി കായൽ പാടശേഖരങ്ങളിലും മട വീണിട്ടുണ്ട്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കേക്കരി എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മടവീണിരുന്നു. 98 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചത്. വലിയകരി, കനകശേരി, മീനപ്പള്ളി, നടുത്തുരുത്തി എന്നിവിടങ്ങളിൽ മട വീണതായും റിപ്പോർട്ടുണ്ട്. ഇവിടെ 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മടവീഴ്ച മൂലം കപ്പപ്പുറം സ്കൂളും വെള്ളത്തിലായി. പുളിങ്കുന്നിൽ മടവീണ് 152 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
Leave a Reply