യുകെ ഹൗസിംഗ് മാര്‍ക്കറ്റില്‍ നിലവിലുള്ള ശാന്ത സ്വഭാവം സമ്മറിലും തുടരുമെന്ന് നേഷന്‍വൈഡ് ഹൗസിംഗ് സൊസൈറ്റി. വീട്, പ്രോപ്പര്‍ട്ടി വിലയിലുണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവ് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നില്‍ക്കുന്നത്. വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വില്‍പനയ്ക്കായെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും നേഷന്‍വൈഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വെറും രണ്ട് ശതമാനം മാത്രമാണ് ഹൗസ് പ്രൈസിലുണ്ടായ വര്‍ദ്ധന.

ജൂണിലേതിനേക്കാള്‍ മെയ് മാസത്തില്‍ വില അല്‍പം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മാസാമാസമുണ്ടായ വര്‍ദ്ധന 0.5 ശതമാനമായിരുന്നു. ഇതിലൂടെ ശരാശരി വീടുവില 215,444 പൗണ്ടിലെത്തി. കഴിഞ്ഞ 12 മാസങ്ങളില്‍ വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുണ്ടായ സന്തുലനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറയുന്നു. 2018ല്‍ വീടുവില 1 ശതമാനം മാത്രമേ വര്‍ദ്ധിക്കാനിടയുള്ളുവെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്.

വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലണ്ടനിലെ ഹൗസ് പ്രൈസ് ഇടിഞ്ഞിട്ടുണ്ടെന്ന് നേഷന്‍വൈഡ് മോര്‍ട്ട്‌ഗേജ് ഡേറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയത്. യുകെയില്‍ ഈ കാലയളവില്‍ ഹൗസ് പ്രൈസില്‍ ഇടിവ് രേഖപ്പെടുത്തിയ ഏക പ്രദേശവും ലണ്ടനായിരുന്നു. എങ്കിലും 2007നേക്കാള്‍ 50 ശതമാനം ഉയര്‍ന്ന പ്രോപ്പര്‍ട്ടി വാല്യുവായിരുന്നു അതേസമയത്ത് ലണ്ടനിലുണ്ടായിരുന്നത്.