മലയാളം യുകെ ന്യൂസ് ടീം
ലണ്ടന്‍: യുകെ റോഡുകളില്‍ അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന അപകടങ്ങളിലൂടെ വര്‍ഷം തോറും 340 മില്യന്‍ പൗണ്ട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തട്ടിയെടുക്കുന്നതായി ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയാണ് വെളിപ്പെടുത്തിയത്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം അപകടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. കുറ്റകത്യങ്ങള്‍ക്കുവേണ്ടിത്തന്നെയാണ് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്. അനധികൃതമായി ആയുധങ്ങള്‍ വാങ്ങുന്നതിനും മയക്കുമരുന്ന് ഇടപാടുകള്‍ക്കും ഈ പണം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്യമായി ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നവരുടെ പണമാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതായി വരുന്നത്.

അപകടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ ഇരകളെ വളരെ ബോധപൂര്‍വ്വമാണ് തെരഞ്ഞെടുക്കുന്നത്. പൂര്‍ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുളളവരും എന്നാല്‍ അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നവരുമായ ഡ്രൈവര്‍മാരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. നമ്മള്‍ ശ്രദ്ധിച്ചാലും നമ്മളെ അപകടത്തില്‍ പെടുത്തി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യല്‍ ആണ് ഇവരുടെ രീതി. കുട്ടികളുമായി പോകുന്ന അമ്മമാരും പ്രായമുളളവരുമാണ് ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇരകള്‍. ഇവരെ തിരിച്ചറിയാനുള്ള സൂചനകളും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോ പുറത്തു വിട്ടു.

accident1

അപകടമുണ്ടാക്കുന്ന രീതികള്‍ 

കൃത്യമായ കാരണമില്ലാതെ തന്നെ മുന്നില്‍ പോകുന്ന വാഹനം പെട്ടെന്ന്‍ ബ്രേക്ക് ചെയ്യുകയും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സമയം ലഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ വാഹനം മുന്നിലെ വാഹനത്തില്‍ ഇടിക്കുകയും ചെയ്താല്‍ ഇത് തട്ടിപ്പ് സംഘമാണെന്ന് കരുതാം. ഇത് ഇവരുടെ ഒരു സ്ഥിരം രീതിയാണ്.

ഇടുങ്ങിയ സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് കടന്ന് പോകാനായി ഒരു ഡ്രൈവര്‍ അനുമതി നല്‍കുകയും നിങ്ങള്‍ അതിന് ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കാര്‍ ഇടിച്ച് കയറ്റുകയും ചെയ്താല്‍ ഇതും തട്ടിപ്പാണെന്ന് മനസിലാക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍ നിങ്ങള്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ അപകടം കരുതിക്കൂട്ടിയുളളത് തന്നെയാണെന്ന നിഗമനത്തിലെത്താം. അപകടത്തില്‍പ്പെട്ടയാള്‍ പെട്ടെന്ന് തന്നെ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ കൈമാറിയാലും ഇത് മനപൂര്‍വ്വം സൃഷ്ടിക്കുന്ന അപകടം തന്നെയാകാം.

അപകടം നടന്ന് ആഴ്ചകള്‍ക്കുളളില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പെരുപ്പിച്ച് കാട്ടിയ ഒരു ക്ലെയിം തുകയേക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങളെ തേടിയെത്തിയാല്‍ ആ അപകടം തട്ടിപ്പുകാരുടെ തിരക്കഥയാണെന്ന് ഉറപ്പിക്കാം. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കുകയാണ് പ്രാഥമികമായി വേണ്ടത്.

driving-car-accident

അപകടങ്ങളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക.

എല്ലായ്പ്പോഴും വളരെ ശ്രദ്ധിച്ച് മാത്രം വാഹനം ഓടിക്കുക. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് വരുന്ന ഡ്രൈവര്‍മാര്‍ റോഡില്‍ ഉണ്ടാകാം എന്ന്‍ എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കുക.

നിങ്ങളുടെ മുന്നിലുളള വാഹനവുമായി കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. മുന്നിലെ വാഹനത്തില്‍ നിന്ന് നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.

എതിര്‍വാഹനത്തിന്റെ ഡ്രൈവര്‍ ഹെഡ്‌ലൈറ്റ് ഫ്‌ളാഷ് ചെയ്താലും ശ്രദ്ധയോടെ മാത്രം മുന്നേറുക. മതിയായ സ്ഥലം ഉണ്ടെന്ന്‍ ഉറപ്പ് വരുത്തി മാത്രം വാഹനം മുന്‍പോട്ട് എടുക്കുക.

മറ്റ് ഡ്രൈവര്‍മാരുടെ ഇന്‍ഡിക്കേറ്ററുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല. മുന്നിലുള്ള കാര്‍ നിങ്ങളുടെ നേര്‍ക്ക് തിരിയുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാഹനം കൊണ്ട് പോകാന്‍ ശ്രമിക്കുക.

തട്ടിപ്പുകാര്‍ പലപ്പോഴും തങ്ങളുടെ ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ ആക്കിയിട്ടുണ്ടാകും. അക്കാര്യത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്കനുസരിച്ച് അപകടങ്ങള്‍ സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തട്ടിപ്പു നടത്തുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് പ്രതിവര്‍ഷം 50 പൗണ്ട് അധിക പോളിസി നല്‍കേണ്ടി വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Car-Accident-Blog

നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ഒരു തരത്തിലുമുള്ള നഷ്ടപരിഹാരം അപകട സ്ഥലത്ത് വച്ച് അംഗീകരിക്കരുത്

അനാവശ്യമായി മറ്റേ ഡ്രൈവറെകുറ്റപ്പെടുത്തി സംസാരിക്കാനോ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനോ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തിയില്‍ സംശയം ഉണ്ടായാലും അവിടെ വച്ച് സൂചിപ്പിക്കതിരിക്കുക.

അപകടമുണ്ടായ സ്ഥലം, സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ ഒരു കടലാസ്സില്‍ എഴുതി സൂക്ഷിക്കുക. മറ്റേ വാഹനത്തിലെ ഡ്രൈവര്‍, യാത്രികര്‍ എന്നിവരെ കുറിച്ചും അവര്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും കൂടി ഈ നോട്ടില്‍ എഴുതാന്‍ ശ്രദ്ധിക്കണം.

സാധിക്കുമെങ്കില്‍ അപകടത്തിന്റെയും, വാഹനത്തില്‍ ഉണ്ടായ കേടുപാടുകളുടെയും ഫോട്ടോ മൊബൈലില്‍ എടുത്ത് സൂക്ഷിക്കുക. പ്രകോപനം ഉണ്ടാകാതെ വേണം ഇങ്ങനെ ചെയ്യാന്‍.

പോലീസിനെ വിവരം അറിയിക്കുക. മറ്റേ വാഹനത്തില്‍ തട്ടിപ്പ് സംഘം ആണെങ്കില്‍ അവര്‍ പെട്ടെന്ന് സ്ഥലം വിടാന്‍ ശ്രമിക്കും.

നിഷ്പക്ഷരായ സാക്ഷികള്‍ ഉണ്ടോ എന്ന്‍ നോക്കുക. ഇത് വളരെ ശ്രദ്ധിച്ച് വേണം. കാരണം തട്ടിപ്പ് സംഘമാണെങ്കില്‍ അവര്‍ സാക്ഷികളെയും തയ്യാറാക്കി നിര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും പെട്ടെന്ന്‍ വിവരം അറിയിക്കണം. മനപൂര്‍വ്വം ഉണ്ടാക്കിയ അപകടം ആണെന്ന്‍ നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അക്കാര്യവും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

അപകടത്തെ കുറിച്ചും നിങ്ങളുടെ സംശയങ്ങളെ കുറിച്ചും ഇന്‍ഷുറന്‍സ് ഫ്രോഡ് ബ്യൂറോയെ 0800 422 0421 നമ്പറില്‍ വിളിച്ച് അറിയിക്കുക. ഇവരുടെ വെബ്സൈറ്റ് വഴിയും അതിനുള്ള സൗകര്യം ലഭ്യമാണ്.

ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെയേറെ ഉപകരിക്കുന്നതാണ്.

ഈ വാര്‍ത്ത ഉപകാരപ്രദം ആണെങ്കില്‍ ദയവായി മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുക