ബിബിന്‍ എബ്രഹാം

യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം. ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍പരം കാണികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആര്‍പ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാര്‍ മാറ്റുരച്ചപ്പോള്‍ അത് മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്‌സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം കൊവന്‍ട്രി സി.കെ.സിയെ മലര്‍ത്തിയടിച്ച് വൂസ്റ്റര്‍ തെമ്മാടികളും, ടണ്‍ ബ്രിഡജ് വെല്‍സ് ടസ്‌കേഴ്‌സിനെ മലര്‍ത്തിയടിച്ച് ബി.സി.എം.സി യും കിരീടത്തില്‍ മുത്തമിടാന്‍ വടം കൈയ്യിലെടുത്തപ്പോള്‍ നിര്‍ന്നിമേഷരായി നിന്ന കാണികള്‍ക്ക് കരുത്തിന്റെ വശ്യസൗന്ദ്യര്യം ആണ് പകര്‍ന്ന് നല്‍കിയത്. യു.കെയില്‍ എമ്പാടും നിന്ന് പതിമൂന്നോളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് ലഭിച്ചത്.

സഹൃദയയുടെ ഓള്‍ യു.കെ ചാമ്പ്യന്‍ ട്രോഫിയും, യു.കെയിലെ ചാമ്പ്യന്‍ പട്ടവും വൂസ്റ്റര്‍ തെമ്മാടികള്‍ നിലനിര്‍ത്തിയപ്പോള്‍, അട്ടിമറി വിജയവുമായി ബി.സി.എം.സി ബര്‍മിംഹാം രണ്ടാം സ്ഥാനവും, മികച്ച പ്രകടനത്തോടെ സി.കെ.സി കൊവന്‍ട്രി മൂന്നാം സ്ഥാനവും, ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്‌കേയ്‌സ് നാലാം സ്ഥാനവും കരസ്ഥമാക്കി.

സഹൃദയ പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്ത മല്‍സരം സഹൃദയംഗങ്ങളുടെ മികച്ച സംഘടനാമികവിലൂടെ കാണികള്‍ നെഞ്ചിലേറ്റിയപ്പോള്‍ അത് പങ്കെടുത്ത എല്ലാവര്‍ക്കും ആവേശവും ആനന്ദവും കൂടാതെ എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു ഓര്‍മ്മയുമായി. മത്സരത്തിന്റെ ഒരോ ആവേശവും അതു ഒട്ടും ചോരാതെ തന്നെ ആഗോള മലയാളികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഗര്‍ഷോം ടി.വിയുടെ തല്‍സമയ സംപ്രേഷണം സഹായമായി.

സമാപന ചടങ്ങില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സഹൃദയയുടെ സെക്രട്ടറി ശ്രീ. ബിബിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചപ്പോള്‍, പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. തുടര്‍ന്നു മലയാളം യു.കെ കെന്റ് മേഖലയുടെ ഉത്ഘാടനവും വടംവലി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കേരളത്തിന്റെ സംസ്‌കാരിക മന്ത്രി ശ്രീ. എ.കെ ബാലന്‍ നിര്‍വഹിച്ചു. തുടര്‍ന്നു ചിറ്റൂര്‍ എംഎല്‍എ ശ്രീ. കൃഷ്ണന്‍കുട്ടി, ആറന്മുള്ള എംഎല്‍എ ശ്രീമതി വീണാ ജോര്‍ജ്, മലയാളം മിഷന്‍ യു.കെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീ മുരളി വെട്ടം തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഈ അവസരത്തില്‍ തന്നെ സഹൃദയയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 2018ലെ കലണ്ടറിന്റെ പ്രകാശനവും മന്ത്രി നടത്തി. നന്ദി പ്രകാശിപ്പിച്ചത് സഹൃദയയുടെ ട്രഷററും യു.കെയിലെ മലയാളം മിഷന്‍ കെന്റ് മേഖല കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത ശ്രി.ബേസില്‍ ജോണ്‍ ആണ്.

ഈ മല്‍സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, കൂടാതെ ഈ മല്‍സരം കാണാനായി എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും സഹൃദയ ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ ചാമ്പ്യന്‍ഷിപ്പ് സ്‌പോന്‍സര്‍ ചെയ്ത എല്ലാവര്‍ക്കും, കൂടാതെ ചെറുതും വലുതമായി സഹൃദയയെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു.തുടര്‍ന്നും സഹൃദയയുടെ മുന്നോട്ടുള്ള എല്ലാ പരിപാടികളിലും നിങ്ങളുടെ സ്‌നേഹസഹകരണം പ്രതീക്ഷിച്ചു കൊണ്ടു ടീം സഹൃദയ!

ആവേശകരമായ വടംവലി മത്സരത്തിനു മാറ്റ് കൂട്ടാന്‍ സഹൃദയയിലെ വനിതകള്‍ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കാണാം