ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തെളിവുകളൊന്നും ബാക്കി വയ്ക്കാതെ സ്മാര്‍ട്ട് ഫോണിനകത്ത് സമര്‍ത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് 2019 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെഗാസസ്. വളരെ നേരത്തെ തന്നെ ഇതേ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകള്‍ക്കൊടുവിലാണ് അത് പെഗാസസ് എന്ന മാല്‍വേറാണെന്ന് മനസിലാകുന്നത്. ക്യൂ സൈബർ ടെക്നോളജീസ് എന്നും വിളിക്കപ്പെടുന്ന ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗാസസ്.
ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണ് തങ്ങളെന്നും എന്‍.എസ്.ഒ വ്യക്തമാക്കികഴിഞ്ഞു. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിര്‍മിച്ച പെഗാസസ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍. അഭിഭാഷകര്‍ എന്നിവരെയാണ് പെഗാസസ് ലക്ഷ്യമിട്ടത്.
ഒരു ലിങ്കിലൂടെയോ വോയ്സ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഫോണുകളിലേയ്ക്ക് കടത്തിവിട്ട് ഫോൺ ഹാക്ക് ചെയ്യുകയാണ് പെഗാസസിന്റെ പതിവ് രീതി. വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്‌റ്റ് വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ് വേഡുകൾ, ഫോൺ നമ്പറുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം.
ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും പ്രവർത്തിക്കുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ പുതിയ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ പെഗാസസ് സ്പൈവെയർ രഹസ്യമായി ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. മനുഷ്യാവകാശ സംഘടന വിശദമായ റിപ്പോർട്ടും ടൂൾകിറ്റും പുറത്തിറക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് അവരുടെ എൻക്രിപ്ഷൻ സിസ്റ്റത്തിലെ വലിയ സുരക്ഷാ പഴുതുകൾ പരിഹരിക്കുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള വാട്‌സ്ആപ്പില്‍ പെഗാസസ് എങ്ങനെ കടന്നുകൂടിയെന്നതായിരുന്നു തുടക്കത്തിലെ എല്ലാവരേയും അതിശയിപ്പിച്ച കാര്യം. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിക്ഷേപിക്കും. തുടർന്ന് നിയന്ത്രണം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ച്ചുകളയും.
50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പറുകൾ പെഗാസസ് ഡേറ്റാ ബേസിൽ ഉൾപ്പെട്ടിരിക്കുമെന്ന് മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധരാജ്യങ്ങളിൽനിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണ്.
Leave a Reply