ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ബാധിച്ച മൂന്നിൽ രണ്ട് പേർക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ഒമിക്രോൺ ബാധിതരിൽ നടത്തിയ പഠനത്തിൽ നിന്നാണ് പുതിയ കണ്ടെത്തൽ . കോവിഡ് മൂലം നേടിയ ആർജ്ജിത പ്രതിരോധശേഷിയെ പുതിയ വേരിയൻ്റുകൾ വീണ്ടും മറികടക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.

ഏതൊക്കെ വിഭാഗം ആളുകളെയാണ് കോവിഡ് വീണ്ടും പിടികൂടുന്നത് എന്നതിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവർത്തകർ , കുട്ടികൾ, കൂടുതൽ അംഗങ്ങൾ ഉള്ള ഭവനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാവശ്യം കോവിഡ് പിടിപെടാനുള്ള സാധ്യതയെക്കുറിച്ച് പ്രത്യേക വിശകലനം നടത്തുന്നുണ്ട്.

രണ്ടു ദശലക്ഷത്തോളം ആളുകളുടെ വിവരങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. നേരത്തെ കോവിഡ് ബാധിച്ചവരിൽ തുടർ വ്യാപനം ഉണ്ടായതിൽ ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് ഒമിക്രോൺ ആയിരുന്നു. ഒന്നിൽ കൂടുതൽ പ്രാവശ്യം കോവിഡ് വന്നവരിൽ എത്ര പേർ വാക്സിൻ എടുത്തിരുന്നില്ല തുടങ്ങിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ പഠനത്തിന് കൂടുതൽ വ്യക്തത വരുമെന്നാണ് കണക്കാക്കുന്നത്.