ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ 8 ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തിയ പ്രെസ്റ്റണിൽ നിന്നുള്ള കൃപാ തങ്കച്ചനെ കാത്തിരുന്നത് ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ തക്ക ഒരു സമ്മാനമായിരുന്നു. ചാൾസ് രാജാവിന്റെയും കാമിലാ രാജ്ഞിയുടെയും കൈയ്യപ്പോടെയുള്ള കത്ത്. രാജാവിന്റെയും രാജ്ഞിയുടെയും കിരീട ധാരണത്തോട് അനുബന്ധിച്ച് കൃപ തങ്കച്ചൻ അവർക്ക് തന്റെ അനുമോദന സന്ദേശം അയച്ചിരുന്നു. അതിനു നന്ദി സൂചകമായിട്ടാണ് രാജാവും രാജ്ഞിയും തങ്ങളുടെ കൈയ്യപ്പോടു കൂടിയ കത്ത് കൃപാ തങ്കച്ചന് അയച്ചത്.


പ്രസ്റ്റണിലെ സെൻറ് അൽഫോൻസ് കത്തീഡ്രലിൽ കൃപയോടൊപ്പം 10 കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് . ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും വികാരി റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെയും നേതൃത്വത്തിലാണ് ഹോളി കമ്മ്യൂണിയന്റെ ചടങ്ങുകൾ നടന്നത്. സിസ്റ്റർ രോജിത്തിന്റെയും സിസ്റ്റർ കരുണയുടെയും നേതൃത്വത്തിലാണ് കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കിയത്.


തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

പ്രെസ്റ്റൺ സെൻറ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാ തങ്കച്ചന്റെ പ്രായത്തെ മറികടക്കുന്ന പല സാമൂഹിക ഇടപെടലുകളും ബ്രിട്ടണിലെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സ്കൂൾ പരിസരത്തെ തെരുവുകളിൽ മാലിന്യം നിർമ്മാജനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലിലേക്ക് കത്തയച്ച് കാര്യം സാധിച്ചതും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് കത്തയച്ചതുമെല്ലാം ഇതിൽ ഉൾപ്പെടും. റഷ്യ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ കൃപ റഷ്യൻ പ്രസിഡൻറ് പുടിന് എഴുതിയ കത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

2022 ഒക്ടോബർ 8-ാം തീയതി യോർക്ക്ഷെയറിലെ കീത്തിലിയിൽ വെച്ച് നടന്ന മലയാളം യുകെ ന്യൂസ് അവാർഡ് നൈറ്റിൽ ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് കൃപ തങ്കച്ചനാണ്.