‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂൺ 13നാണ് നാൻസിക്കുള്ള ശിക്ഷ വിധിക്കുക.
2018ലാണ് 63കാരനായ പാചകവിദഗ്ധൻ ബ്രോഫിയെ നാൻസി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം, കൊലപാതകത്തിനായി നാൻസി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാൻസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാൻസിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാൻസി തോക്കുപിടിച്ച് നിൽക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.
എന്നാൽ, തോക്ക് നോവൽ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാൻസി വാദിക്കുന്നത്. 2018ൽ അറസ്റ്റിലായ നാൻസി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. റോങ് നെവർ ഫെൽറ്റ് റൈറ്റ്, റോങ് ഹസ്ബൻഡ്, റോങ് ലവർ എന്നിവയാണ് നാൻസിയുടെ നോവലുകൾ.
Leave a Reply