മോസ്‌കോ: റഷ്യയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി സ്പാനിഷ് ഇതിഹാസ താരം ആന്ദ്ര ഇനിയേസ്റ്റ. റഷ്യയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് സ്‌പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

സ്‌പെയിന്റെ സുവര്‍ണ്ണ തലമുറയിലെ അവസാന കണ്ണിയായിരുന്നു ഇനിയേസ്റ്റ. സ്‌പെയിന് വേണ്ടി 131 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇനിയേസ്റ്റ 2010 ലോകകപ്പ് ഫൈനലിലെ വിജയഗോളടക്കം നിരവധി ഗോളുകളും നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളി മെനയുന്നതില്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു ഇനിയേസ്റ്റ.

2008 ലും 2012 ലും യൂറോ കപ്പ് നേടിയ, 2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമുകളുടെ നെടും തൂണായിരുന്നു ഇനിയേസ്റ്റ. റഷ്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇനിയേസ്റ്റ കളി മതിയാക്കുകയാണെന്ന് അറിയിച്ചത്.

മനോഹരമായൊരു യാത്ര അവസാനിച്ചുവെന്നും ഇത് സ്‌പെയിന് വേണ്ടി തന്റെ അവസാന കളിയായിരുന്നുവെന്നും ഇനിയേസ്റ്റ പറഞ്ഞു. ചിലപ്പോഴൊക്കെ സ്വപ്‌നം കണ്ടതു പോലെ കഥ അവസാനിക്കണമെന്നില്ലെന്നും ഇനിയേസ്റ്റ പറഞ്ഞു.

ബാഴ്‌സലോണയുടേയും മധ്യനിര നിയന്ത്രിച്ച ഇനിയേസ്റ്റ 22 വര്‍ഷം നീണ്ട ബാഴ്‌സ ജീവിതത്തിന് വിരാമമിട്ടിരുന്നു. രണ്ട് വര്‍ഷത്തെ കരാറില്‍ ജപ്പാനീസ് ക്ലബ്ബായ വിസല്‍ കോബെയില്‍ ആയിരിക്കും ഇനിയേസ്റ്റ ഇനി കളിക്കുക.