ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 ൽ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ യുകെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡൻഷ്യൽ മോർട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോൺ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. ഇന്ന് തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഡിസംബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാൻ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നും, വരും മാസങ്ങളിൽ മോർട്ട്ഗേജ് നിരക്കുകളിൽ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വർഷം ഏകദേശം 18 ലക്ഷം വീടുടമകൾ മോർട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ രണ്ട് വർഷത്തെ ഫിക്സ്ഡ് റെസിഡൻഷ്യൽ മോർട്ട്ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, ‘ബൈ-ടു-ലെറ്റ്’ മോർട്ട്ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്സ് വ്യക്തമാക്കി. വസന്തകാലത്തിന് മുൻപ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകൾ പോലും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകർ അഭിപ്രായപ്പെട്ടു.

ഈ വർഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും തീരുമാനങ്ങൾ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിൾ റേറ്റ് ലോൺ എടുത്തവർക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്സ്ഡ് റേറ്റ് മോർട്ട്ഗേജുകളിൽ കുറവ് പരിമിതമായിരിക്കാമെന്നും, വർഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇതിനിടെ, ഡിസംബറിൽ വീടുകളുടെ വില പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷൻവൈഡ് റിപ്പോർട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്.











Leave a Reply