യുവാവിന്റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതി പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസിനെ ( 40 ) പൊലീസ് അറസ്റ്റുചെയ്‌തു. നവാസ് പത്തുവര്‍ഷം മുമ്ബ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ്.

പുലിപ്പാറ പരിക്കാട് തടത്തരികത്തു വീട്ടില്‍ ഷിബു(38)വിനെയാണ് 7ന് രാവിലെ സ്വന്തം വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010ല്‍ സുലോചന എന്ന സ്ത്രീയെ കൊലപ്പെടുത്തി പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിനു സമീപത്തെ കിണറിനുള്ളില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. മരിച്ച ഷിബു മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

ഈ മാസം 7ന് രാവിലെ പരിക്കാട് ഭാഗത്ത് മനുഷ്യന്റെ കാല്‍ നായ വലിച്ചുകൊണ്ടു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിന്റെ അന്വേഷണത്തില്‍ സമീപത്തെ പൊളിഞ്ഞ വീട്ടില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. റൂറല്‍ എസ്പി ബി. അശോകന്‍, ഡിവൈഎസ്പി എസ്. വൈ. സുരേഷ്, പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷ്, എസ്‌ഐ ജെ. അജയന്‍, ആര്‍. രാജന്‍ എന്നിവര്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

പോലീസ് പറയുന്നത് ഇങ്ങനെയാണ്…

ഷിബുവും നവാസും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ചാണ് ജോലിക്കു പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പത്തനാപുരത്ത് ജോലി ചെയ്യുമ്ബോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും നവാസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഷിബു ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിനു പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

വെഞ്ഞാറമൂട്ടില്‍ വച്ചും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഷിബു കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങി. വീണ്ടും ഇവര്‍ സൗഹൃദത്തിലായി. നാലിന് ഇരുവരും ഒരുമിച്ചു ജോലിക്കു പോയി. ഉച്ചയ്ക്ക് കല്ലറ ബവ്റിജസ് ഷോപ്പിലെത്തി മദ്യം വാങ്ങി. വൈകിട്ട് 5ന് ഒരു ഓട്ടോയില്‍ പരിക്കാട് വീട്ടിലെത്തി. മദ്യം കഴിക്കുന്നതിനിടെ ഇരുവരും വാക്കു തര്‍ക്കത്തിലായി. നവാസിന്റെ ചോറ് ഷിബു തട്ടിത്തെറിപ്പിച്ചു. ഷിബു ഒരു തടിക്കഷ്ണമെടുത്ത് നവാസിന്റെ തോളില്‍ അടിച്ചു. മുന്‍വൈരാഗ്യമുണ്ടായിരുന്ന നവാസ് തടിക്കഷണം പിടിച്ചു വാങ്ങി ഷിബുവിന്റെ തലയില്‍ അടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്ന് പോലീസ് പറയുന്നു.

അടിയേറ്റ് നിലത്തിരുന്നുപോയ ഷിബുവിനെ വീട്ടിലുണ്ടായിരുന്ന കുഴവിക്കല്ലിന്റെ കഷണം ഉപയോഗിച്ചു തലയില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഇയാളെ സമീപത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്തു തലയിലും കാലുകളിലുമായി 5 പ്രാവശ്യം വെട്ടി ആഴത്തില്‍ മുറിവേല്‍പിച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം ടാര്‍പോളിന്‍ ഷീറ്റും പ്ലാസ്റ്റിക്കുകളും തുണിയും കൊണ്ടു മൃതദേഹം മൂടി. പ്ലാസ്റ്റിക് കട്ടിലെടുത്ത് കമഴ്ത്തി ഇതിനു മുകളിലിട്ടു. ഇതില്‍ മദ്യം ഒഴിച്ചതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി പിറ്റേന്നു മുതല്‍ ജോലിക്കു പോയി. ഇതിനിടെ, പ്രതിയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. എന്നാല്‍, സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെയും മറ്റു സാക്ഷികളെയും വരുത്തി കാണിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിക്കുയായിരുന്നു.