ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നേരത്തേ തടവുകാരെ മോചിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നൂറുകണക്കിന് തടവുകാരെക്കൂടി മോചിപ്പിക്കാനാണ് സർക്കാർ നീക്കം. അതേസമയം, പ്രൊബേഷൻ ഉദ്യോഗസ്ഥർക്ക് ശമ്പളവർധന ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. നീതിന്യായ മന്ത്രാലയം അഞ്ച് ശതമാനം ശമ്പളവർധന വാഗ്ദാനം ചെയ്തെങ്കിലും 2010 മുതലുള്ള വരുമാനനഷ്ടം നികത്താൻ 12 ശതമാനം വർധന വേണമെന്നാണ് യൂണിയന്റെ ആവശ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിമിനൽ കോടതി നടപടികൾ വേഗത്തിലാക്കുന്നതിനുള്ള പരിഷ്കാരപദ്ധതി സർക്കാർ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ജൂറിയില്ലാതെ ജഡ്ജി മാത്രം വിധി പറയുന്ന പുതിയ ക്രൗൺ കോടതി സംവിധാനം കൊണ്ടുവരാനുള്ള വിവാദ നിർദേശം സർക്കാർ പിൻവലിച്ചിട്ടുണ്ട്. എന്നാൽ, സങ്കീർണവും ദീർഘകാലം നീളുന്നതുമായ തട്ടിപ്പുകേസുകളിൽ ജൂറി വിചാരണ ഒഴിവാക്കാനുള്ള നിർദേശം തുടരും. പ്രതികൾക്ക് ജൂറി വിചാരണ ആവശ്യപ്പെടാനുള്ള അവകാശം പരിമിതപ്പെടുത്തുന്നതിലൂടെ 5,500 കേസുകൾ കൂടി മജിസ്‌ട്രേറ്റ് കോടതികളിൽ തന്നെ പരിഗണിക്കാനാണ് നീക്കം.

സമാന സ്വഭാവമുള്ള കേസുകൾ ഒരുമിച്ച് പരിഗണിക്കുന്ന വേഗത്തിലുള്ള വിചാരണാ കോടതികളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇത്തരം പരീക്ഷണാടിസ്ഥാനത്തിലുള്ള കോടതികൾ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സഹായിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടത്തിയ പരീക്ഷണത്തിന്റെ ഭാഗമായി അടിയന്തിര സേവനപ്രവർത്തകർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന 500 കേസുകളിൽ പകുതിയോളം വേനൽക്കാലത്ത് തീർപ്പാക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.