സ്വന്തം ലേഖകൻ
ബ്രിട്ടൻ :- അതീവഗുരുതരമായ കൊറോണ വൈറസ് ബാധിതമായ ചൈനയിൽ നിന്നും അടുത്തിടെ യുകെയിലേക്ക് വന്ന 2000 പേർക്കായി തിരച്ചിൽ ശക്തമാക്കി. ആരോഗ്യവകുപ്പും, എയർലൈൻസ് അധികൃതരും, ബോർഡർ ഫോഴ്സ് ഏജന്റ്സുമെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിൽനിന്ന് വന്നവരെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. കൊറോണ വൈറസ് മൂലം ചൈനയിൽ മരണപ്പെട്ടവരുടെ എണ്ണം 41 ആയി. കൊറോണ വൈറസ് സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ മൂന്ന് പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരിൽ ആർക്കും വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ, പ്രൊഫസ്സർ ക്രിസ് വിറ്റി വ്യക്തമാക്കി. യുകെയിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്നും, ലോകമെമ്പാടും 1200 ഓളം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
ഈ വൈറസ് എത്രത്തോളം കാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അപകടസാധ്യത വർദ്ധിക്കുക എന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഹെയ്ത്രോ വിമാനത്താവളത്തിൽ ഒരു പബ്ലിക് ഹെൽത്ത് ഹബ് തുറന്നിട്ടുണ്ട്. ചൈനയിൽ അടിയന്തര ആവശ്യങ്ങൾക്കായി, ആയിരം രോഗികളെ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കുകയാണ്.
ഫ്രാൻസിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ ഒരേ കുടുംബത്തിൽ നിന്നുള്ള ആളുകളാണ്. യുഎസിൽ രണ്ടും, ഓസ്ട്രേലിയയിൽ ഒന്ന് വീതവുമാണ് രോഗബാധിതർ. ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത്തരം ലോക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply