സ്വന്തം ലേഖകൻ

ഗ്ലാസ്ഗോ : കോവിഡ് 19ന്റെ രോഗലക്ഷണങ്ങൾ ഏറിവരുന്നതായി വാർത്തകൾ. ആബർ‌ഡീനിൽ നിന്നുള്ള ലൂയിസ് ഗ്രെയ്ഗ് (13) കഴിഞ്ഞ ആഴ്ച മുതൽ ഗ്ലാസ്‌ഗോയിലെ കുട്ടികൾക്കുള്ള റോയൽ ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. കൊറോണവൈറസിന്റെ സാധാരണ ലക്ഷണങ്ങൾ കാണാത്തതിനാൽ കോവിഡ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ കരുതിയെങ്കിലും പിന്നീട് രോഗബാധിതനാവുകയായിരുന്നു. രക്തനിറമുള്ള കണ്ണുകൾ, കൈകളിൽ ഉണ്ടായ തടിപ്പ്, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ആണ് ലൂയിസിന് കാണപ്പെട്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇൻഫ്ളമേറ്ററി സിൻഡ്രോം ഉയർന്നുവരുന്നതായി എൻ‌എച്ച്‌എസ് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. കവാസാക്കി പോലുള്ള രോഗം ബാധിച്ച് തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ശിശുക്കളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതായി ഈ ആഴ്ച തുടക്കത്തിൽ ആരോഗ്യവിദഗ്ധർ അടിയന്തിര മുന്നറിയിപ്പ് നൽകിയിരുന്നു. ലൂയിസിന്റേത് പോലുള്ള ലക്ഷണങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണമെന്നും അവർ പറഞ്ഞു. എത്ര ബ്രിട്ടീഷ് കുട്ടികൾക്കാണ് അസുഖം ബാധിച്ചതെന്ന് പറയാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചെങ്കിലും 20 പേർ വരെ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രക്തക്കുഴലുകളുടെ ചുമരുകളിൽ വീക്കം ഉണ്ടാക്കുകയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്ന രോഗമാണ് കവാസാക്കി.

ഗ്ലാസ്‌ഗോയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനുമുമ്പ് ലൂയിസിനെ ആബർ‌ഡീനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചു വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചു. “കഴിഞ്ഞ ശനിയാഴ്ചയാണ് അവന് ഉയർന്ന താപനില അനുഭവപ്പെട്ടത്. ഇത് വലിയ കാര്യമാണെന്ന് ഞങ്ങൾ ആദ്യം കരുതിയിരുന്നില്ല. എന്നാൽ ദിനങ്ങൾ കഴിയുന്തോറും ലൂയിസിൻെറ നില ക്രമേണ മോശമായിത്തുടങ്ങി. വ്യാഴാഴ്ചയോടെ, കൈകളിൽ തടിപ്പ് ഉണ്ടാകുകയും കണ്ണുകൾ കടും ചുവപ്പ് നിറമാവുകയും ചെയ്തു. വെള്ളിയാഴ്ച സ്ഥിതി ഗുരുതരമായി മാറി. ” മകന്റെ രോഗാവസ്ഥയെകുറിച്ച് അമ്മ വെളിപ്പെടുത്തി. ശനിയാഴ്ച അതിരാവിലെ ലൂയിസിനെ ആംബുലൻസിൽ ഗ്ലാസ്ഗോയിലേക്ക് മാറ്റി. പിതാവ് വെയ്നും മാതാവ് സിംസണും ഇപ്പോൾ മകന്റെ പരിചരണത്തിൽ ശ്രദ്ധ വെയ്ക്കുകയാണ്. നാഥൻ, സാം, ആബി, ജോർജ, ഏലി എന്നിവരുടെ സഹോദരനായ ലൂയിസിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നു. ഇൻഫ്ളമേറ്ററി സിൻഡ്രോം മൂലം ഉണ്ടാകുന്ന മരണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ആരോഗ്യ മേധാവികൾ പറഞ്ഞു.

യുകെയിലെ കെയർ ഹോമുകളിൽ ഉണ്ടായ മരണകണക്കുകൾ കൂടി പുറത്തുവിട്ടതോടെ ആകെ മരണസംഖ്യ 26, 097 ആയി ഉയർന്നു. 4,419 മരണങ്ങൾ കെയർ ഹോമുകളിൽ ഉണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്നലെ 601 ആശുപത്രി മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ആശുപത്രിക്ക് പുറത്ത് 6,500 ൽ അധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 10 നും 24 നും ഇടയിൽ ഇംഗ്ലണ്ടിലെ വീടുകളിൽ 4,343 പേർ മരിച്ചതായി കെയർ ഹോമുകൾ കെയർ ക്വാളിറ്റി കമ്മീഷനെ (സിക്യുസി) അറിയിച്ചു. ആകെ മരണസംഖ്യ ഉയർന്നു വരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെയർ ഹോമുകളിൽ പാർക്കുന്നവരുടെ സംരക്ഷണത്തിനായി സർക്കാർ ഉചിതമായ നടപടികൾ കൈകൊള്ളേണ്ടിയിരിക്കുന്നു.