ചെന്നൈ: വിമാനയാത്രക്കിടയിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.  അതിൽ കൂടുതലും യാത്രക്കാരും വിമാന ജീവനക്കാരും തമ്മിൽ ഉള്ളതാണ്. കൂടുതലും മദ്യം കഴിച്ചതിനുശേഷമുള്ള പ്രകടനകളെക്കുറിച്ചാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരി അക്രമാസക്തയായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേഴ്‌സിന്റെ ബാലി- ദോഹ വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു എന്നതാണ് പുതിയ റിപ്പോർട്ട്. ഞായറാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ സഞ്ചരിച്ച ഇറാനിയന്‍ ദമ്പതികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.

യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി മനസ്സിലായി. യാത്രയ്ക്കിടെ അല്‍പം മദ്യപിച്ചിരുന്ന ഭാര്യയ്ക്ക് ഇതോടെ കലിയിളകി. ചതിക്കപ്പെട്ട രോക്ഷത്തില്‍ ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ച ഇവര്‍ നിര്‍ത്താതെ ബഹളം വയ്ക്കാന്‍ ആരംഭിച്ചു. ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. ഒരു രീതിയിലും ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടര്‍ന്നത്. സുരക്ഷാ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തുടരാന്‍ അനുവദിച്ചു. മദ്യപിച്ചിരുന്ന ഭാര്യ ഒന്നടങ്ങിയപ്പോള്‍ കോലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.