പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ 16കാരിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയെ പോലീസെത്തി മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ ലക്ഷങ്ങൾ നൽകിയാണ് ഇടനിലക്കാർ മുഖേനെ പെൺകുട്ടിയെ കണ്ടെത്തിയതും വിവാഹം ചെയ്തതും.

വിവാഹം നടത്താനായി അബ്ദുൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനും വീതിച്ചുനൽകി.

പെൺകുട്ടിയുടെ പിതൃസഹോദരിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്. വിവാഹം ചെയ്ത അബ്ദുൽ ലത്തീഫിനെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പോക്‌സോ നിയമപ്രകാരം വരനെതിരെ പോലീസ് കേസെടുത്തു.

ഇയാൾക്കെതിരെ ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്‌ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.

പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് കിടപ്പ് രോഗിയാണ്. ഈ ദുരിതാവസ്ഥ മുതലെടുത്താണ് ബന്ധുവായ സ്ത്രീ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പോലീസിൽ പരാതി നൽകിയത്.