ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചർച്ച ഓഫ് ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറെ മാസങ്ങളായി വൻ വിവാദങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതിയായ ജനറൽ സിനഡിന്റെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ, താൻ തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും, അത് തനിക്കറിയാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. യോർക്ക് ആർച്ച് ബിഷപ്പായ സ്റ്റീഫൻ കോട്രെൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായി താൽക്കാലികമായി ചുമതലയേറ്റിരിക്കുകയാണ്. കാന്റർബറി ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത് വരെയാണ് നിലവിലുള്ള സ്ഥാനം. എന്നാൽ കോട്രെലിനെതിരെ നിലവിൽ തന്നെ വൻ എതിർപ്പുകളാണ് ഉയർന്നിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങളും പരിഷ്കരണങ്ങളും കൊണ്ടുവരുവാൻ കോട്രെൽ തെറ്റായ വ്യക്തിയാണെന്ന് ന്യൂകാസിൽ ബിഷപ്പ് ഹെലൻ ആൻ-ഹാർട്ട്ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഒരു ലൈംഗിക പീഡന കേസ് കൈകാര്യം ചെയ്തതിൽ കോട്രെലിനു വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബിഷപ്പ് ഹാർട്ട്ലി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ സഭയിലെ ജോൺ സ്മിത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്ന കുറ്റകൃത്യത്തിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു കാന്റർബറി ആർച്ച് ബിഷപ്പായിരുന്ന ജസ്റ്റിൻ വെൽബി രാജിവെച്ചത്. അദ്ദേഹത്തിന്റെ പകരക്കാരനെ തേടിക്കൊണ്ടിരിക്കുകയാണ് സഭ ഇപ്പോൾ. ലൈംഗിക പീഡനത്തിന് നഷ്ടപരിഹാരം നൽകുകയും, കുട്ടികളുമായി തനിച്ചിരിക്കുവാൻ വിലക്കുമുള്ള പുരോഹിതനെ അറിഞ്ഞിട്ടും സ്ഥാനത്ത് തുടരുവാൻ അനുവദിച്ചതാണ് കോട്രെലിനെതിരെയുള്ള ആരോപണം.
ചർച്ച് ഓഫ് ഇംഗ്ലണ്ട് നിലവിൽ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോട്രെൽ വ്യക്തമാക്കി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രസംഗം തടയുന്നതിനായി ഇദ്ദേഹത്തെ എതിർക്കുന്നവർ സിനഡിൽ വോട്ടെടുപ്പ് നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്നാണ് ഉദ്ഘാടന പ്രസംഗം അദ്ദേഹം നടത്തിയത്. താൽക്കാലിക സ്ഥാനം ഏറ്റെടുത്തിരിക്കുന്ന കോട്രെലിനെതിരെ കടുത്ത വിമർശനങ്ങളാണ് നിലവിലുള്ളത്. നിരവധി പീഡന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സഭയിൽ ഉണ്ടായ വീഴ്ച ചർച്ചാവിഷയം ആയിരിക്കുന്ന സാഹചര്യത്തിൽ, ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ സിനഡിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Leave a Reply